അംഗത്വം റദ്ദാക്കി

 

 

 

 

                                                                                           sabir ali

                                                              ശ്രീരാമസേനയുടെ പ്രമോദ് മുത്തലിക്കിന്റെ വഴിയെ സാബിര്‍ അലിയും ബി.ജെ.പി.യില്‍ ചേര്‍ന്ന ഉടനെ പുറത്തേയ്ക്ക്. ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ജെ.ഡി.യു. എം.പി.യായ സാബിര്‍ അലിയുടെ അംഗത്വം ബി.ജെ.പി റദ്ദാക്കി. സാബിര്‍ അലിയെ പാര്‍ട്ടിയിലെടുത്തതിനെതിരെ മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പരസ്യമായി പ്രതികരിച്ചിരുന്നു. സാബിര്‍ അലി യാസിന്‍ ഭട്കലുമായി അടുത്ത ബന്ധമുള്ളയാളാണെന്നും അടുത്തതായി പാര്‍ട്ടിയിലെത്തുന്നത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമായിരിക്കുമെന്നും നഖ്‌വി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. നഖ്‌വി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അദ്ദേഹത്തിന് പിന്തുണയുമായി മുതിര്‍ന്ന നേതാവ് ബല്‍ബീര്‍ പുഞ്ചും ആര്‍ .എസ്.എസും രംഗത്തു വന്നതോടെയാണ് ബി.ജെ.പി. നേതൃത്വം സാബിര്‍ അലിയുടെ അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്.ഇതിന് പുറമെ നഖ്‌വി ഗുരുതരമായ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ തന്റെ അംഗത്വം അംഗീകരിക്കുന്ന കാര്യം തത്കാലം നിര്‍ത്തിവയ്ക്കണമെന്ന് സാബിര്‍ അലി തന്നെ ആവശ്യപ്പെട്ടിരുന്നു.എന്റെ അംഗത്വം തടഞ്ഞുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍മേന്ദ്ര പ്രധാന് കത്തെഴുതിയിട്ടുണ്ട്. ഒരു സമിതി രൂപവത്കരിച്ച് എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ ഞാന്‍ എന്നെന്നേക്കുമായി രാഷ്ട്രീയം ഉപേക്ഷിക്കും. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ രാഷ്ട്രീയം വിടാന്‍ മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ചങ്കൂറ്റമുണ്ടോ? ഞാന്‍ സ്വപ്‌നത്തില്‍ പോലും യാസിന്‍ ഭട്കലിനെ കണ്ടിട്ടില്ല. പത്രങ്ങളിലൂടെയാണ് ഇയാളെ കുറിച്ച് കേള്‍ക്കുന്നതു തന്നെ-സാബര്‍ അലി പറഞ്ഞു.