അനന്തമൂര്‍ത്തി ഇനി ഓര്‍മ

അന്തരിച്ച സാഹിത്യനായകനും ജ്ഞാനപീഠജേതാവുമായ യു.ആര്‍. അനന്തമൂര്‍ത്തിക്ക് നാട് കണ്ണീരോടും പ്രാര്‍ഥനയോടുംകൂടി വിട നല്കി. ഭൗതികശരീരം പൊതുദര്‍ശനത്തിനുവെച്ച രവീന്ദ്രകലാക്ഷേത്രത്തിലും ചിതയൊരുക്കിയ കലാഗ്രാമത്തിലും ആദരാഞ്ജലിയര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തി.

ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിലെ കലാഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ട് നാലിനാണ് അനന്തമൂര്‍ത്തിയുടെ മകന്‍ ശരത് ചിതയ്ക്ക് തീകൊളിത്തിയത്. പതിനഞ്ച് പുരോഹിതന്മാര്‍ വേദമന്ത്രങ്ങള്‍ ജപിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍.

മുഖ്യമന്ത്രി സിദ്ധരാമയ്യ ആ സമയത്ത് വിതുമ്പുന്നുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, സംസ്ഥാന മന്ത്രിമാരായ അംബരീഷ് , യു.ടി.ഖാദര്‍, ഉമാശ്രീ, മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ കലാഗ്രാമത്തിലെത്തി. അനന്തമൂര്‍ത്തിയുടെ ഭാര്യ എസ്തറും മകള്‍ അനുരാധയും മറ്റ് ബന്ധുക്കളും കണ്ണീരോടെ ചടങ്ങുകള്‍ക്ക് സാക്ഷിയായി.

എണ്‍പത്തിരണ്ടുകാരനായ അനന്തമൂര്‍ത്തി വെള്ളിയാഴ്ച വൈകിട്ടാണ് ബാംഗ്ലൂരിലെ മണിപ്പാല്‍ ആസ്​പത്രിയില്‍ അന്തരിച്ചത്.
രവീന്ദ്രകലാക്ഷേത്രം വളപ്പില്‍ തയ്യാറാക്കിയ പന്തലില്‍ ഭൗതികശരീരം ത്രിവര്‍ണപതാക പുതപ്പിച്ച് രാവിലെ പത്തുമുതല്‍ ഉച്ചകഴിയുന്നതുവരെ പൊതുദര്‍ശനത്തിനുവെച്ചു. മതമൗലികവാദത്തെ എന്നും എതിര്‍ത്തിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനടുത്ത് സര്‍വമത പ്രാര്‍ഥനയുണ്ടായി. കലാക്ഷേത്രം വളപ്പും കഴിഞ്ഞ് റോഡിലേക്ക് നീണ്ട ക്യൂ ഉച്ചകഴിയും വരെ തുടര്‍ന്നു.

കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍, മുന്‍കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണ, സംസ്ഥാന ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ചലച്ചിത്രസംവിധായകരായ എം.എസ്.സത്യു, ഗിരീഷ് കാസറവള്ളി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, ലോക്‌സഭ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ഉപമുഖ്യമന്ത്രി ആര്‍. അശോക് എന്നിവര്‍ രാവിലെ അനന്തമൂര്‍ത്തിയുടെ വസതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
കേരള ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയ്ക്കുവേണ്ടി കോണ്‍ഗ്രസ് നേതാവ് വെട്ടൂര്‍ ജ്യോതിപ്രസാദ് ആദരാഞ്ജലി അര്‍പ്പിച്ചു.