അന്യസംസ്ഥാന ലോട്ടറിയുടെ വില്‍പ്പന വിലക്കരുത്: കോടതി

sc of india

കേരളത്തില്‍ പേപ്പര്‍ലോട്ടറി നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ലോട്ടറിവില്‍പ്പനയ്ക്കായി സാന്റിയാഗോ മാര്‍ട്ടിന്റെ സഹോദരന്‍ എ. ജോണ്‍ കെന്നഡി വീണ്ടും അപേക്ഷ സമര്‍പ്പിച്ചാല്‍ നിയമാനുസൃതം പരിഗണിക്കണമെന്നും ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ഉത്തരവായി. കെന്നഡിയുടെ അപേക്ഷയ്ക്ക് അനുമതി നല്‍കിയാല്‍ നേരത്തേയടച്ച മുന്‍കൂര്‍നികുതി സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമയാണ് കെന്നഡി.

കെന്നഡിക്ക് ലോട്ടറി നടത്തുന്നതിന് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് പാലക്കാട് വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍ 2006-ല്‍ നല്‍കിയ നോട്ടീസ് അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ലോട്ടറി നിയമങ്ങള്‍ ലംഘിച്ചതിനാണ് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഒരു കൊല്ലത്തേക്കുള്ള രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. കെന്നഡിയുടെ കേസില്‍ ഹൈക്കോടതി 2007-ല്‍ തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ രജിസ്‌ട്രേഷന്റെ കാലാവധി കഴിഞ്ഞിരുന്നു.