അറിവിന്റെ ജാലകം തുറന്ന് ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവം

 അറിവിന്റെയും ആസ്വാദനത്തിന്റെയും ജാലകങ്ങള്‍ തുറന്ന് ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവം. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം എം.എസ്.പി. കമ്യൂണിറ്റി ഹാളില്‍ വെള്ളിയാഴ്ചയാണ് പുസ്തകോല്‍സവം തുടങ്ങിയത്.

പ്രമുഖ പ്രസാധകരെല്ലാം പുസ്തക മേളയിലുണ്ട്. മൊത്തം 82 സ്റ്റാളുകളാണുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രധാന പുസ്തകങ്ങളെല്ലാം വില്‍പനയ്ക്കുണ്ട്. വായനശാലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

ബ്രട്ടീഷ് കൗണ്‍സില്‍ ലൈബ്രറി മുന്‍ ഡയരക്ടര്‍ പി. ജയരാജന്‍ പുസ്തകോല്‍സവം ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വായനശാലകളുടെ സ്ഥിതി ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കേരളത്തില്‍ പൊതുവെ മെച്ചപ്പെട്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.എസ്.പി. കമാന്‍ഡന്റ് യു. ഷറഫലി മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. പത്മനാഭന്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എം. ഗിരിജ, പാലോളി കുഞ്ഞിമുഹമ്മദ്, കീഴാറ്റൂര്‍ അനിയന്‍, എന്‍. പ്രമോദ് ദാസ്, മധു തുടങ്ങിയവര്‍ സംസാരിച്ചു.

മേളയോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് നാലിന് യുവകവി സമ്മേളനം നടക്കും. ഞായറാഴ്ച വൈകീട്ട് നാലിന് മലയാളത്തിലെ പ്രശസ്ത കവിതകളുടെ ആലാപവും ഉണ്ടാകും. പുസ്തകോല്‍സവം തിങ്കളാഴ്ച സമാപിക്കും.

[follow id=”@dnnewsonline” ]