ആദ്യ ഫയര്‍ഫോക്‌സ് ഫോണ്‍ ഇന്ത്യയിലെത്തി; വില 1,999 രൂപ

മോസില്ലയുടെ ഫയര്‍ഫോക്‌സ് ഒഎസിലോടുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റക്‌സ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്ലൗഡ് എഫ്എക്‌സ് ( Intex Cloud FX ) എന്ന് പേരുള്ള ഫോണിന്റെ വില 1,999 രൂപയാണ്. ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ ‘സ്‌നാപ്പ്ഡീല്‍’ ( Snapdeal ) വഴിയാണ് രാജ്യത്ത് ഫോണ്‍ വില്‍ക്കുന്നത്.

ആദ്യ ഫയര്‍ഫോക്‌സ് ഫോണ്‍ ആഗസ്തില്‍ അവതരിപ്പിക്കുമെന്ന് ഇന്റക്‌സ് കഴിഞ്ഞ ജൂണിലാണ് പ്രഖ്യാപിച്ചത്. 2000 രൂപയില്‍ താഴെയായിരിക്കും വിലയെന്നും കമ്പനി പറഞ്ഞിരുന്നു. അതിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.

മറ്റൊരു ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ സ്‌പൈസ് ( Spice ) അവരുടെ ആദ്യ ഫയര്‍ഫോക്‌സ് ഫോണായ ‘ഫയര്‍ വണ്‍ എംഐ-എഫ്എക്‌സ് ( Spice Fire One Mi-FX ) ആഗസ്ത് 29 ന് അവതരിപ്പിക്കാനിരിക്കെയാണ്, ഇന്റക്‌സിന്റെ ഫോണ്‍ വിപണിയിലെത്തിയത്.

ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇന്റക്‌സിന്റെ ക്ലൗഡ് എഫ്എക്‌സ്. രണ്ട് ജിഎസ്എം സിമ്മുകള്‍ ഇതില്‍ പ്രവര്‍ത്തിക്കും.

320 X 480 റിസല്യൂഷനോടുകൂടിയ 3.5 ഇഞ്ച് HVGA ഡിസ്‌പ്ലെയാണ് ഫോണിലേത്. 1 ജിഎച്ച്‌സെഡ് പ്രൊസസര്‍ കരുത്തുപകരുന്ന ഫോണില്‍ 128 എംബി റാം മാത്രമേ ഉള്ളൂ. ഇന്‍ബില്‍റ്റ് സ്റ്റോറേജ് 46 എംബി. 4 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഫോണിലുപോയിക്കാം.

രണ്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയുമുണ്ട്, മുന്‍ക്യാമറയില്ല. 1250 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുക. 4 മണിക്കൂര്‍ സംസാരസമയവും, 200 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്.

ജിപിആര്‍എസ്/എഡ്ജ്, വൈഫൈ, മൈക്രോ യുഎസ്ബി, ബ്ലൂടൂത്ത് എന്നിവയാണ് കണക്ടിവിറ്റിക്കുള്ള സങ്കേതങ്ങള്‍. 3ജി ഇല്ല. എഫ് എം റേഡിയോയും 3.5 ഓഡിയോ ജാക്കും ഫോണിലുണ്ട്. 104 ഗ്രാമാണ് ക്ലൗഡ് എഫ്എക്‌സിന്റെ ഭാരം.

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളായ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണിനും വെല്ലുവിളിയാകാന്‍ ഫയര്‍ഫോക്‌സ് ഒഎസിന് കഴിഞ്ഞേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

സാമാന്യം മികച്ച ഫീച്ചറുകളുള്ള ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകള്‍ക്ക് 5000 രൂപയ്ക്ക് മേല്‍ വിലയാകും എന്നിരിക്കെ, 2000 റേഞ്ചിലുള്ള ഫയര്‍ഫോക്‌സ് ഫോണുകളാണ് രംഗത്തെത്തുന്നത്.