ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാണിയുടെ വാര്‍ത്താ സമ്മേളനം.

mani km
ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാണിയുടെ വാര്‍ത്താ സമ്മേളനം.

തന്റെ ആരോഗ്യം അനുവദിക്കുകയും പാലാക്കാര്‍ ആഗ്രഹിക്കുകയും ചെയ്താല്‍ താന്‍ ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മാണി വ്യക്തമാക്കി. കോടതിവിധി തനിക്കെതിരല്ല. ആരോപണവിധേയനായ വ്യക്തി മന്ത്രിസ്ഥാനത്തിരിക്കുന്നത് കേസന്വേഷണത്തിന് അഭികാമ്യമോയെന്നതായിരുന്നു ഒരു പരാമര്‍ശം. നികുതിപ്പണം ഉപയോഗിച്ച് പുറത്തുനിന്ന് വക്കീലിനെ കൊണ്ടുവരുന്നതാണ് മറ്റൊരു കാര്യം. ഇക്കാര്യം പറഞ്ഞപ്പോഴാണ് തന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജഡ്ജി പറഞ്ഞത്.

തന്റെ ന്യായ വാദങ്ങള്‍ അടുക്കും ചിട്ടയുമായി അവതരിപ്പിച്ച മാണി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദി താനാണെന്നുള്ള പാര്‍ട്ടി വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞു. നിയമപരമായോ ധാര്‍മികമായോ താന്‍ രാജി വെയ്‌ക്കേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, നിയമവ്യവസ്ഥയോടുള്ള ഉന്നത നീതി ബോധത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും കെഎം മാണി പറഞ്ഞു.

ജോസഫ് രാജിവയ്ക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല. നിയമപരമായോ, ധാര്‍മ്മികമായോ താനും രാജിവയ്‌ക്കേണ്ടിയിരുന്നില്ല. നിയമവ്യവസ്ഥയോടുള്ള ഉന്നതമായ ആദരവ് കൊണ്ട് രാജിവച്ചതാണ്. താന്‍ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവയ്ക്കാന്‍ സന്നദ്ധനായതാണ്. എന്നാല്‍ സമാനമായ പല കേസുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും പല കക്ഷി നേതാക്കളും തന്നെ പിന്തിരിപ്പിക്കുകയായിരുന്നു

രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണോ എന്ന ചോദ്യത്തിന്, ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അങ്ങനെയൊന്നും പറയരുത്, അദ്ദേഹം വളരെ മാന്യനും സഹപ്രവര്‍ത്തകരോട് സ്‌നേഹവുമുള്ള വ്യക്തിയാണെന്നായിരുന്നു മാണിയുടെ മറുപടി.

‘തന്റെ രക്തത്തിനായി ദാഹിക്കുന്ന ചിലര്‍ ഇവിടെയുണ്ട്. അവരാണ് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നത്. യുഡിഎഫോ മുഖ്യമന്ത്രിയോ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി വെച്ചത് സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ചാണ്. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തിയത് ആരാണെന്ന് അറിയാം. എന്നാല്‍, തന്റെ മാന്യത കൊണ്ട് ആരുടെയും പേര് പറയുന്നില്ല. തന്റെ ഒപ്പം പി.ജെ ജോസഫ് രാജി വെയ്ക്കണമെന്ന് ആഗ്രഹിക്കുകയോ അഭ്യര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ല. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ പല അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. തന്റെ പാര്‍ട്ടിയില്‍നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് ഒരിക്കലും പറയില്ല. തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പ് സ്ഥാനം രാജി വെച്ചത് തന്നോടുള്ള അതീവ സ്‌നേഹം കൊണ്ടാണ്. തോമസ് ഉണ്ണിയാടനോട് താന്‍ രാജി വെയ്ക്കാനോ വെയ്‌ക്കേണ്ടെന്നോ പറഞ്ഞിട്ടില്ല’ – കെഎം മാണി പറഞ്ഞു.

സീസറിന്റെ ഭാര്യ എന്ന ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാണി പറഞ്ഞത് ഇങ്ങനെ – സീസറുടെ ഭാര്യ സംശയത്തിന് അധീതയായിരിക്കണം എന്ന് കോടതി ഉദ്ദേശിച്ചത് ആരോപണവിധേയനായ ഒരാള്‍ മന്ത്രിയായിരിക്കെ നടത്തുന്ന അന്വേഷണത്തെക്കുറിച്ചാണ്. അതിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നും കെഎം മാണി പറഞ്ഞു. പിസി ജോര്‍ജ്ജിന്റെ രാജിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓടിന്ന പട്ടിക്ക് ഒരു മുഴം മുന്നെ എന്ന പഴം ചൊല്ല് ഉദ്ധരിച്ചായിരുന്നു മാണിയുടെ മറുപടി. എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കാന്‍ പോകുന്നു എന്ന് തോന്നിയപ്പോള്‍ ജോര്‍ജ് രാജി വെച്ചതാണെന്ന് ചില പത്രങ്ങളില്‍ കണ്ടെന്നും, ഇത് താന്‍ പറയുന്നതല്ലെന്നും മാണി പറഞ്ഞു.