ആറന്മുള പുറമ്പോക്ക് ഭൂമി കെ. ജി.എസ്സിന് നല്‍കിയിട്ടില്ലെന്ന് റവന്യുവകുപ്പ് സെക്രട്ടറി

നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിനുവേണ്ടി പുറമ്പോക്ക് ഭൂമി മാര്‍ക്കറ്റ് വിലയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് റവന്യുവകുപ്പ്. അണ്ടര്‍ സെക്രട്ടറിയാണ് ജൂലായ് 22ന് വിവരാവകാശപ്രകാരം ഇക്കാര്യം അറിയിച്ചത്.പുറമ്പോക്കുഭൂമി ആര്‍ക്കും വിട്ടുനല്‍കിയിട്ടില്ലെന്ന് കളക്ടറേറ്റും അറിയിച്ചു. ഇതോടെ ആറന്മുളയിലെ പാടത്തെ മണ്ണുനീക്കല്‍വിഷയത്തില്‍ ജില്ലാ ഭരണകൂടം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വിവാദമായി. കരിമാരംതോടിന് സമീപത്തെ ഭൂമി കെ.ജി. എസ്സിന്റേതാണെന്ന ജില്ലാകളക്ടറുടെ സത്യവാങ്മൂലമാണ് തെറ്റായിത്തീരുന്നത്. ഒരേ ഓഫീസില്‍ നിന്നാണ് സത്യവാങ്മൂലവും വിവരാവകാശ മറുപടിയും തയ്യാറാക്കുന്നതെന്നിരിക്കെ വിരുദ്ധനിലപാട് വന്നതെങ്ങനെയെന്ന് വ്യക്തമല്ല.

ആറന്മുളപുഞ്ചയിലെ കൃഷിക്ക് അവസരം ഒരുക്കുംവിധം കരിമാരംതോട്ടിലെ മണ്ണ് നീക്കി വിവരം അറിയിക്കാനാണ് മുമ്പ് ഹൈക്കോടതി ജില്ലാ ഭരണകൂടത്തോട് കല്പിച്ചത്.മോഹനന്‍ എന്ന കൃഷിക്കാരന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഇത്. വിധി നടപ്പാക്കാനിറങ്ങിയ ജില്ലാ ഭരണകൂടം സര്‍വ്വേ നടത്തി.മെണ്ണടുത്തുനീക്കാന്‍ റെയില്‍വേയുമായുള്ള ചര്‍ച്ചയ്ക്കുശേഷം നടപടികള്‍ നിലച്ചു.റെയില്‍വേവികസനത്തിന് മണ്ണ് കൊടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.ഇതിനിടെ മണ്ണെടുക്കുന്നത് നിര്‍ദ്ദിഷ്ട വിമാനത്താവളപദ്ധതിക്ക് തടസ്സമാകും എന്നതിനാല്‍ കെ.ജി.എസ്. എതിര്‍പ്പുമായി എത്തി.പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ഓഹരിക്ക് പകരമായി തങ്ങള്‍ക്ക് കിട്ടിയതാണെന്ന വാദമാണ് അവര്‍ ഉന്നയിച്ചത്.ഇത് അവര്‍ കളക്ടറെ അറിയിച്ചു.

മണ്ണെടുപ്പുനീക്കത്തിന് സാവകാശം ചോദിച്ചുകൊണ്ട് ഹൈക്കോടതിയില്‍ കളക്ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ.ജി.എസ്. മണ്ണെടുപ്പിന് എതിര്‍പ്പ് കാണിച്ചുവെന്ന് രേഖപ്പെടുത്തിയതും വിവാദമായി. തോടിന് സമീപത്തെ ഭൂമി കെ.ജി.എസ്സിന്റേതാണെന്നും അവര്‍ മണ്ണ്‌നീക്കല്‍യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.തടസ്സംനീക്കാന്‍ പരിശ്രമം നടക്കുന്നതായും ഇതില്‍ പറയുന്നു.എന്നാല്‍, തോടിന് സമീപമുള്ളതാണ് പുറമ്പോക്കുഭൂമിയെന്ന് റവന്യുരേഖകള്‍ പറയുന്നു. ഇതാര്‍ക്കും വിട്ടുകൊടുത്തില്ലെന്നാണ് കളക്ടറേറ്റില്‍ നിന്ന് ആഗസ്ത് 8ന് അറിയിച്ചത്.

കെ.ജി.എസ്സിന് നിയമപരമായി ഇവിടെ ഭൂമിയില്ലെന്ന് മിച്ചഭൂമി ഉത്തരവ് പരിശോധിച്ചാലും വ്യക്തമാകുമെന്ന് സമരസമിതി പറയുന്നു. പുറമ്പോക്കുഭൂമി തങ്ങള്‍ക്ക് വിട്ടുതന്നാണ് സര്‍ക്കാര്‍ ഓഹരി നേടിയെന്നും കെ.ജി.എസ്. വാദിക്കുന്നുണ്ട്.കെ.ജി.എസ്സിന് പുറമ്പോക്കുഭൂമി വിട്ടുനല്‍കിയില്ലെന്ന് റവന്യുവകുപ്പ് അണ്ടര്‍ സെക്രട്ടറി വിവരാവകാശപ്രകാരം അറിയിച്ചത് കെ.ജി.എസ്സിന്റെ വാദത്തിന് വിരുദ്ധമാണ്.

ഇതോടെ വീണ്ടും ആറന്മുളവിഷയത്തില്‍ സര്‍ക്കാരിന്റെ വാദങ്ങളില്‍ വൈരുധ്യം പ്രകടമായി. ജില്ലാ ഭരണകൂടവും റവന്യു വകുപ്പും പറഞ്ഞതിന് വിരുദ്ധമാണ് അവര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. തോടിന് സമീപമുള്ള ഭൂമി കമ്പനിക്ക് സ്വന്തമല്ല എന്നറിയാവുന്ന ജില്ലാഭരണകൂടം അതിന് വിരുദ്ധമായി കോടതിയില്‍ പറയുന്നതെങ്ങനെയെന്ന് സമരസമിതി ചോദിച്ചു.പദ്ധതി പ്രദേശത്തുനിന്ന് നല്ല റോഡില്ല എന്ന അഭിപ്രായവും കോടതിയില്‍ ജില്ലാ ഭരണകൂടം നല്‍കി. കരിമാരംകുന്നിന് സമീപത്തുകൂടി പഞ്ചായത്ത്‌റോഡുണ്ടെന്നുള്ള വിവരവും അവിടെ വാഹനം കൊണ്ടുപോകുന്നതിന് തടസ്സമില്ലന്നുള്ള വിവരവും സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു.

പ്രദേശം മിച്ചഭൂമിയായ സ്ഥിതിക്ക് അവിടത്തെ നിയമവിരുദ്ധപ്രശ്‌നം പരിഹരിക്കേണ്ട ജില്ലാ ഭരണകൂടം ഒഴിവുകഴിവ് പറയുകയാണെന്ന് ആറന്‍മുളയുടെ ചരിത്രകാരനായ കെ.പി. ശ്രീരംഗനാഥന്‍ പറഞ്ഞു. മണ്ണിട്ടത് തെറ്റായ പ്രവൃത്തിയാണ്. കരിമാരംകുന്നിന് സമീപത്തെ റോഡ് പൊതുവഴിയാണെന്നും അത് ജില്ലാ മജിസ്‌ട്രേട്ടിന് ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു.