ആശങ്കകള്‍ തൊട്ടറിഞ്ഞ് പശ്ചിമഘട്ട സംവാദയാത്ര

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ തൊട്ടറിഞ്ഞും ജനങ്ങളോട് അഭിപ്രായങ്ങള്‍ ചോദിച്ചും പശ്ചിമഘട്ട സംവാദയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീര്‍ നയിക്കുന്ന യാത്രയുടെ മുഖ്യ ആകര്‍ഷണം ഓലത്തൊപ്പിയണിഞ്ഞ സാമൂഹിക പ്രവര്‍ത്തക ദയാബായി ആണ്.

ഏപ്രില്‍ 12ന് കാസര്‍കോട് ജില്ലയിലെ ബേഡകത്തുനിന്നുതുടങ്ങിയ കാല്‍നടയാത്ര മെയ് 31ന് തിരുവനന്തപുരത്ത് ആദിവാസി ഗ്രാമമായ വഌവെട്ടിയില്‍ സമാപിക്കും. ദിവസം 15 കിലോമീറ്റര്‍വീതം നടന്ന് ജനങ്ങളുമായി ആശയങ്ങള്‍ പങ്കുവെയ്ക്കും. പരിസ്ഥിതിക്കും നീതിക്കുംവേണ്ടി യുവജനങ്ങള്‍ എന്ന മുദ്രാവാക്യവുമായി യൂത്ത് ഡയലോഗ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് യാത്ര നടക്കുന്നത്.
വൈകുന്നേരങ്ങളില്‍ ആരാധനാലയങ്ങളിലോ സ്‌കൂളുകളിലോ ആണ് യാത്രാംഗങ്ങള്‍ താമസിക്കുന്നത്. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണം കഴിക്കും. ഹോട്ടലുകളെ ആശ്രയിക്കാതെ പരമാവധി നാട്ടുകാരുടെ ആതിഥ്യം സ്വീകരിക്കും.

വഴിയോരത്തിരുന്ന് ഭക്ഷണം കഴിച്ചും പാട്ടുകള്‍ പാടിയും ആണ് യാത്ര. ഊര് കവര്‍ന്ന ഉയിര്’ എന്ന ഡോക്യുമെന്ററിയും ചെറുനാടകങ്ങളും സംഗീതശില്പവും അവതരിപ്പിക്കും. നാട്ടുകാരുടെ അഭിപ്രായങ്ങള്‍ കുറിച്ചെടുക്കുകയും ചെയ്യുന്നു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് അനാവശ്യമായ ആശങ്കകള്‍ ജനങ്ങളുടെ ഇടയില്‍ ഉണ്ടെന്ന് യാത്രാംഗങ്ങള്‍ പറഞ്ഞു.

മൈക്ക്, പ്രസംഗം തുടങ്ങി പതിവുമാര്‍ഗങ്ങള്‍ വിട്ട് സ്വകാര്യ സംഭാഷണവും പ്ലക്കാര്‍ഡുകളും ആണ് ജനങ്ങളുമായി ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. അനുഗമിക്കുന്ന വാഹനത്തില്‍ കിടക്കപ്പായും വസ്ത്രങ്ങളും കുടിവെള്ളവും ശേഖരിച്ചിട്ടുണ്ട്. 42 സ്ഥിരാംഗങ്ങളും അതത് പ്രദേശങ്ങളില്‍നിന്ന് കൂടെച്ചേരുന്നവരും ഉള്‍പ്പെടെ 60 ഓളം അംഗങ്ങള്‍ യാത്രയിലുണ്ട്. ഇലകളിലും മണ്‍ചട്ടികളിലും ആണ് ആഹാരം വിളമ്പുന്നതും ഭക്ഷിക്കുന്നതും. ചെറിയ കുട്ടികളും ആവേശപൂര്‍വം യാത്രയില്‍ പങ്കെടുക്കുന്നു. ഫാ. അഗസ്റ്റിന്‍ വട്ടോളി, കെ.സഹദേവ്, സന്തോഷ്‌കുമാര്‍ തിരുവനന്തപുരം, രാജേഷ് കാക്കശ്ശേരി, ദില്‍ഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.