ഇംഗ്ലണ്ടിന് നല്ല തുടക്കം

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ശുഭകരമായ തുടക്കം. ടോസ് നേടി ബാറ്റുചെയ്ത ഇംഗ്ലണ്ട് തുടക്കത്തില്‍ തെല്ലുപരുങ്ങിയെങ്കിലും പിന്നീട് കരുത്താര്‍ജിച്ചു. ആദ്യദിവസം ചായസമയത്ത് പിരിയുമ്പോള്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ശക്തമായ അടിത്തറയിട്ടു. ഓപ്പണര്‍ കൂടിയായ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കും (82), ഗാരി ബാലന്‍സു(72)മാണ് പുറത്താവാതെ നില്ക്കുന്നത്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 131 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

ലോര്‍!ഡ്‌സ് ടെസ്റ്റിലെ ഹീറോ ഇഷാന്ത് ശര്‍മയ്ക്ക് കാല്‍ക്കുഴയിലെ വീക്കം കാരണം കളിക്കാന്‍ പറ്റാതെവന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ലോര്‍ഡ്‌സില്‍ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകള്‍ പിഴുത് ഇന്ത്യക്ക് വിജയം സമ്മാനിച്ചത് ഇഷാന്തായിരുന്നു. ഇഷാന്തിനു പകരം പഞ്ചാബില്‍നിന്നുള്ള ഫാസ്റ്റ് ബൗളര്‍ പങ്കജ് സിങ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

ഓപ്പണിങ് വിക്കറ്റില്‍ കുക്ക്-റോബ്‌സണ്‍ സഖ്യം റണ്‍ നേടുന്നതില്‍ വിഷമിച്ചു. പേസര്‍മാര്‍ക്ക് ആനുകൂല്യമുണ്ടായിരുന്ന ഈ ഘട്ടത്തില്‍ കുക്ക് പുറത്താവലില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു. കുക്ക് 15 റണ്‍സെടുത്തുനില്‌ക്കെ അരങ്ങേറ്റക്കാരന്‍ പങ്കജ് സിങ്ങിന്റെ പന്തില്‍ നല്കിയ ക്യാച്ച് സ്ലിപ്പില്‍ ജഡേജ വിട്ടുകളയുകയായിരുന്നു. ഫസ്റ്റ് ക്ലൂസ് ക്രിക്കറ്റില്‍ 300 വിക്കറ്റെടുത്തതിന്റെ കരുത്തില്‍ ടീമിലിടംകണ്ട പങ്കജിന് കന്നി വിക്കറ്റാവുമായിരുന്നു കുക്ക്. കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധശതകം പോലും കുറിക്കാതിരുന്ന കുക്ക് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തി. ലഞ്ചിനും ചായയ്ക്കുമിടയില്‍ ആക്രമണം ശക്തിപ്പെടുത്തിയ കുക്ക്-ബാലന്‍സ് സഖ്യം യഥേഷ്ടം റണ്‍ നേടി. 108 റണ്‍സാണ് ഈ സമയത്ത് അവര്‍ നേടിയത്. കുക്ക് എട്ട് ബൗണ്ടറിയടിച്ചപ്പോള്‍ ബാലന്‍സിന്റെ അക്കൗണ്ടില്‍ ഒമ്പത് ബൗണ്ടറികളാണുള്ളത്.