ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനം ഇന്ന്

ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പരയിലേറ്റ വമ്പന്‍ തോല്‍വികള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ടീം ഇന്ത്യയുടെ യുവനിരയ്ക്ക് കനകാവസരം. ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് തിങ്കളാഴ്ച തുടക്കംകുറിക്കുകയാണ്. ടെസ്റ്റ് പരമ്പരയില്‍ ലോര്‍ഡ്‌സ് ടെസ്റ്റ് ജയിച്ച് ലീഡ് കൈക്കലാക്കിയശേഷം ഇന്ത്യ വഴങ്ങിയ മൂന്ന് തുടര്‍തോല്‍വികള്‍ ടീമിന്റെ ആത്മവിശ്വാസംതന്നെ ചോര്‍ത്തിക്കളഞ്ഞു. ഈ തോല്‍വികളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് തിരിച്ചടിക്കാനുള്ള അവസരമാണ് ഏകദിന പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പരയിലെ സംഘത്തില്‍ ഏതാനും മാറ്റങ്ങളുമായാണ് ഏകദിന ലോകചാമ്പ്യന്മാരായ ടീം ഇന്ത്യയുടെ പടപ്പുറപ്പാട്. മഴ മേഖലയായതിനാലും മഴ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം നിലനില്ക്കുന്നതിനാലും ബ്രിസ്റ്റോളില്‍ മുഴുവന്‍ ഓവറുകള്‍ നീളുന്ന മത്സരമുണ്ടാവാന്‍ വിദൂരസാധ്യതയേയുള്ളൂ. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ ഏകദിന മത്സരം നടക്കുന്നത്.

തിരുവനന്തപുരത്തുകാരന്‍ സഞ്ജു വി. സാംസണ്‍ ആദ്യമായി ദേശീയ സീനിയര്‍ ടീമില്‍ ഇടംകണ്ടതിനാല്‍ മലയാളികള്‍ക്കും ഈ പരമ്പര പ്രതീക്ഷയുടേതാണ്. അപ്രതീക്ഷിതമായി ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ആദ്യ മത്സരത്തിനിറങ്ങുമോയെന്നതാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ നിരന്തരം പരാജയപ്പെട്ടത് സഞ്ജുവിന്റെ സാധ്യതകള്‍ സജീവമാക്കിയിട്ടുണ്ട്. പക്ഷേ, ഒന്നാം ഏകദിനത്തില്‍ അവസരം കിട്ടാനിടയില്ല. പരമ്പരയില്‍ എപ്പോഴെങ്കിലും കളിക്കാന്‍ അവസരം കിട്ടുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ടെസ്റ്റ് പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ബാറ്റിങ് നിരയാണ് ഇന്ത്യയെ ശരിക്കും ഉലയ്ക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടുള്ള സുരേഷ് റെയ്‌നയുടെയും അമ്പാട്ടി റായുഡുവിന്റെയും വരവ് ടീമിന് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് നായകന്‍ മഹേന്ദ്രസിങ് ധോനി. അടുത്ത ലോകകപ്പ് ലക്ഷ്യമിട്ടുള്ള സംഘത്തെ ഒരുക്കിയെടുക്കുകയെന്ന ലക്ഷ്യംകൂടി ഈ പരമ്പരയിലൂടെ ടീം ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായ വിരാട് കോലി ടെസ്റ്റ് പരമ്പരയില്‍ വന്‍പരാജയമായിരുന്നു. ഏകദിനത്തില്‍ കോലി ഫോം കണ്ടെത്തി ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

ഏഷ്യക്ക് പുറത്ത് കഴിഞ്ഞ ഏഴ് ഏകദിന മത്സരങ്ങളിലും തോറ്റതിന്റെ റെക്കോഡുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ബാറ്റ്‌സ്മാന്മാര്‍ മാത്രമല്ല, ബൗളര്‍മാരും അവസരത്തിനൊത്തുയരുന്നില്ല. ഫീല്‍ഡിങ്ങാവട്ടെ പിഴവുകള്‍ നിറഞ്ഞതുമാണ്. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ഫീല്‍ഡിങ്ങും ഒരു പ്രധാന കാരണമായിരുന്നു. സാധാരണ നിലയില്‍ ബൗളര്‍മാരുടെ പോരായ്മകളെല്ലാം മറച്ചിരുന്നത് ബാറ്റിങ് മികവിലായിരുന്നു. എന്നാല്‍ ഇക്കുറി ബാറ്റിങ് ക്ലിക്ക് ചെയ്യുന്നില്ല. ദക്ഷിണാഫ്രിക്കയിലും ന്യൂസീലന്‍ഡിലും ബാറ്റിങ് നിര പരാജയപ്പെട്ടിരുന്നു. ടെസ്റ്റ് പരമ്പരയിലെ തോല്‍വി ടീമംഗങ്ങള്‍ക്ക് പാഠമാണെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ ഏകദിന പരമ്പര സഹായിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ഇന്ത്യന്‍ നായകന്‍.

ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ ഇന്ത്യ ഒരു ഏകദിന പരമ്പര ജയിച്ചിട്ട് 24 വര്‍ഷമായി. 1990-ല്‍ ടെക്‌സാക്കോ ട്രോഫി സ്വന്തമാക്കിയതായിരുന്നു ഏറ്റവുമൊടുവിലത്തെ പരമ്പര നേട്ടം. പിന്നീട് മൂന്നു പരമ്പരകള്‍ കളിച്ചെങ്കിലും ആദ്യ രണ്ടെണ്ണത്തില്‍ ഒരു മത്സരം പോലും ജയിച്ചില്ല. എന്നാല്‍ 2007ല്‍ നടന്ന ഏഴ് കളികളുടെ പരമ്പരയില്‍ പൊരുതിയാണ് തോറ്റത് (3-4). ഉഭയകക്ഷി പരമ്പരകള്‍ ജയിച്ചില്ലെങ്കിലും ഇംഗ്ലണ്ടില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റുകളിലും നാലോ അതില്‍ കൂടുതലോ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റുകളിലും വിജയം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയെപ്പോലെ ഇംഗ്ലണ്ടിന്റെ സമീപകാല ഏകദിന റെക്കോഡും മോശമാണ്. ഓസ്‌ട്രേലിയയോടും ശ്രീലങ്കയോടും അവര്‍ പരാജയപ്പെട്ടു. തുടരെ മൂന്ന് ഉഭയകക്ഷി പരമ്പരകള്‍ തോറ്റശേഷമാണ് അവര്‍ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. 2010ല്‍ ഇവിടെനടന്ന കളിയില്‍ ഇംഗ്ലണ്ട് അഞ്ച് റണ്‍സിന് ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. കെനിയ, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയായിരുന്നു ഇത്. ഇംഗ്ലണ്ടില്‍ ഇന്ത്യ 62 ഏകദിനങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. ഇതില്‍ 29 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 29-ല്‍ തോറ്റു. ശേഷിച്ച നാലില്‍ ഒന്ന് സമനിലയില്‍ കലാശിച്ചപ്പോള്‍ മറ്റു മൂന്നെണ്ണം ഉപേക്ഷിക്കപ്പെട്ടു.
സാധ്യതാ ടീം: ഇന്ത്യ – ധവാന്‍, രോഹിത് ശര്‍മ, കോലി, രഹാനെ, റെയ്‌ന, ധോനി(ക്യാപ്റ്റന്‍), ജഡേജ, അശ്വിന്‍, ഭുവനേശ്വര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

ഇംഗ്ലണ്ട് -കുക്ക്(ക്യാപ്റ്റന്‍), അലക്‌സ് ഹെയ്ല്‍സ്, ബെല്‍, റൂട്ട്, മോര്‍ഗന്‍, ക്രിസ് വോക്‌സ്/ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് ജോര്‍ഡന്‍, ജയിംസ് ട്രെഡ്വെല്‍, ആന്‍ഡേഴ്‌സണ്‍, ഹാരി ഗുര്‍ണി.