ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം മത്സരം ഇന്ന്

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച നടക്കും. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ആദ്യമത്സരം മഴകാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. ടെസ്റ്റ് പരമ്പരയിലേറ്റ ദയനീയ പരാജയത്തില്‍നിന്ന് കരകയറുക എന്നതിന് അപ്പുറത്തേക്ക് ഒരു ചരിത്രനേട്ടമാണ് ധോനിയുടെ ടീം ലക്ഷ്യംവെക്കുന്നത്. ഇംഗ്ലണ്ടില്‍വെച്ച് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏകദിന പരമ്പര ജയിച്ചിട്ട് 24 വര്‍ഷമായി. 1990-ല്‍ 2-0 എന്ന മാര്‍ജിനില്‍ ഇന്ത്യ പരമ്പര ജയിച്ചിരുന്നു. അതിനുശേഷം ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്വെസ്റ്റ് ട്രോഫി ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും കഴിഞ്ഞ വര്‍ഷം ഐ.സി.സി. ട്രോഫിയുമെല്ലാം ജേതാക്കളായെങ്കിലും ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ഏകദിന പരമ്പര ജയിക്കാനായിട്ടില്ല.

ഇതിനുമുമ്പ് ഇംഗ്ലണ്ടില്‍ കളിച്ച അഞ്ച് ഏകദിന മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ജയം നേടിയ റെക്കോഡുണ്ട് ധോനിയുടെ ടീമിന്. കഴിഞ്ഞവര്‍ഷം നടന്ന ഐ.സി.സി. ട്രോഫിയിലായിരുന്നു ആ വിജയങ്ങള്‍.

ഇംഗ്ലണ്ടിന് ഈ പരമ്പര തോറ്റാല്‍ വലിയ നാണക്കേടാവും. കാരണം ഇതിനുമുമ്പ് നാട്ടില്‍ കളിച്ച മൂന്ന് ഏകദിന പരമ്പരയിലും അവര്‍ തോറ്റിരുന്നു. 2012 ജൂണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് നാട്ടില്‍വെച്ച് അവസാനമായി ഏകദിന പരമ്പര ജയിച്ചത്. അതിനുശേഷം ദക്ഷിണാഫ്രിക്കയോട് സമനില വഴങ്ങി. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകളോട് പരമ്പരതോറ്റു. ഇംഗ്ലണ്ടില്‍വെച്ച് അവര്‍ക്കെതിരെ ഇതേവരെ 34 ഏകദിന മല്‍സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ 12-ല്‍ ജയിച്ചു, 18-ല്‍ തോറ്റു, ഒന്ന് ടൈ ആയി.

ഇതെല്ലാം കണക്കുകള്‍. പക്ഷേ, ഇന്ത്യക്ക് ഒരു പതിവുണ്ട്. മോശം ഫോമില്‍ നില്‍ക്കുന്ന ടീമുകള്‍ മിക്കപ്പോഴും ഫോം വീണ്ടെടുക്കുന്നത് ഇന്ത്യക്കെതിര കളിച്ചുകൊണ്ടാണ് . ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് അത് സാധിച്ചു. ഏകദിന പരമ്പരയിലും കൂടി അങ്ങനെ സംഭവിക്കുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഭയപ്പെടുന്നത്. ഏതായാലും ഏകദിന പരമ്പരയിലും ബാറ്റിങ് തന്നെയാവും ഇന്ത്യയുടെ വിധിനിര്‍ണയിക്കുക. ടെസ്റ്റ് പരമ്പരയില്‍ സംഭവിച്ചതുപോലെ ബാറ്റിങ് തകര്‍ച്ച ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് മികച്ച സാധ്യതയുണ്ട്. ടെസ്റ്റ് ടീമിലില്ലാതിരുന്ന സുരേഷ് റെയ്‌ന ഏകദിനത്തില്‍ കളിക്കാനെത്തുന്നു എന്നത് നിര്‍ണായകമാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് റെയ്‌ന. ഇംഗ്ലണ്ടിനെതിരെ 28 മാച്ച് കളിച്ച റെയ്‌ന 25 ഇന്നിങ്‌സില്‍ 11 അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 998 റണ്‍സ് നേടിയിട്ടുണ്ട്. 192 മാച്ചില്‍ 4,663 റണ്‍സാണ് ഏകദിന ക്രിക്കറ്റില്‍ 27-കാരനായ ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്റെ മൊത്തം സമ്പാദ്യം. ടെസ്റ്റ് പരമ്പരയില്‍ തീരെ മങ്ങിപ്പോയിരുന്ന വിരാട് കോലിയും റെയ്‌നയെപ്പോലെ ഏകദിന സ്‌പെഷ്യലിസ്റ്റായ അമ്പാട്ടി റായിഡുവും മിഡില്‍സക്‌സിനെതിരെ കളിച്ച പരിശീലന മല്‍സരത്തില്‍ മികവുതെളിയിച്ചതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ടീമിലെ പുതുമുഖങ്ങളായ കരണ്‍ ശര്‍മ, സഞ്ജു വി. സാംസണ്‍ – ഇവരിലാര്‍ക്കെങ്കിലും കളിക്കാന്‍ അവസരം കിട്ടുമോയെന്നതും കാത്തിരുന്ന് കാണാം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ലക്ഷ്യമാക്കി പുതുമുഖങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തില്‍ ഈ രണ്ടു കളിക്കാര്‍ക്കും പരമ്പരയില്‍ അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പറുടെ റോള്‍ ഉപേക്ഷിച്ച് ക്യാപ്റ്റന്‍സിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ധോനി ആഗ്രഹിക്കുന്നു എന്നതും സഞ്ജുവിന് അനുകൂലമായ ഘടകമാണ്.

ഇംഗ്ലണ്ടിന്റെ ബാറ്റിങ് പദ്ധതിയില്‍ പ്രധാന റോള്‍ മൂന്നുപേര്‍ക്കാണ്. ഓപ്പണറായി ഇറങ്ങുന്ന ബിഗ് ഹിറ്റര്‍ മോയിന്‍ അലി, മധ്യനിര ബാറ്റ്‌സ്മാന്‍ ഗാരി ബാലന്‍സ്, ഓള്‍ റൗണ്ടര്‍ ജോ റൂട്ട് എന്നിവര്‍ക്ക്.