ഉടമ്പടി ലംഘിച്ച് റഷ്യ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചതായി യു.എസ്.

കിഴക്കന്‍ യുക്രൈനിലെ ഇടപെടലിനെച്ചൊല്ലി വാക്‌പോര് തുടരുന്നതിനിടെ, റഷ്യ ആണവ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചെന്ന് അമേരിക്കയുടെ ആരോപണം. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ലംഘിച്ചാണ് മിസൈല്‍ പരീക്ഷിച്ചതെന്നും ഈ വിഷയത്തില്‍ ഉടന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കത്തയച്ചു. എന്നാല്‍, ആരോപണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.

ശീതയുദ്ധത്തെത്തുടര്‍ന്ന് 1987-ല്‍ മധ്യദൂര മിസൈലുകള്‍ പരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി ഇരുരാജ്യങ്ങളും ഉടമ്പടി ഒപ്പിട്ടിരുന്നു. 500 മുതല്‍ 5500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഗണത്തില്‍പ്പെടുന്നവയാണ് മധ്യദൂര മിസൈലുകള്‍. എന്നാല്‍, ഉടമ്പടി ലംഘിച്ച് ഇക്കൂട്ടത്തില്‍പ്പെടുന്ന ക്രൂയിസ് മിസൈല്‍ റഷ്യ പ്രയോഗിച്ചെന്നാണ് അമേരിക്കയുടെ ആരോപണം.

2008 മുതല്‍ റഷ്യ ക്രൂയിസ് മിസൈല്‍ പരീക്ഷിക്കുന്നതായി കഴിഞ്ഞവര്‍ഷം ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ്. പ്രതിരോധ വൃത്തങ്ങളും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വഷയത്തില്‍ പരസ്യപ്രതികരണം നടത്തുന്നത് ആദ്യമാണ്.

ഉടമ്പടി പാലിക്കുന്നത് ഉറപ്പാക്കുകയെന്നത് ഇരുരാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെന്ന് യു.എസ്. പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. കരാറിന്റെ തുടര്‍ച്ച മേഖലയുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും സഖ്യകക്ഷികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.