ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റ്: മരണസംഖ്യ 97 ആയി; ഉത്തരാഖണ്ഡില്‍ കനത്ത മഴ

വടക്കേ ഇന്ത്യയില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 97 ആയി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് ശക്തമായ പൊടിക്കാറ്റും മഴയും അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ തുടങ്ങിയ കാറ്റ് ശക്തി പ്രാപിക്കുകയായിരുന്നു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നാലു ജില്ലകളിലായി 64 പേര്‍ മരിച്ചെന്നാണു വിവരം. ആഗ്ര, സഹരന്‍പുര്‍, ബറേലി എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടവും മരണവും. രാജസ്ഥാനില്‍ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആയി. നിരവധി പേര്‍ക്കു പരുക്കേറ്റു. സംസ്ഥാനത്തിന്റെ കിഴക്കന്‍ പ്രദേശത്താണു കാറ്റ് ദുരിതം വിതച്ചത്.