എസ്.ബി.ഐ.യില്‍ ഭവനവായ്പയ്ക്ക് ഒറ്റ പലിശനിരക്ക്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തുകകളിലുള്ള ഭവന വായ്പകളുടെ പലിശനിരക്ക് ഏകീകരിച്ചു. ഭവന വായ്പയുടെ നിരക്ക് പരിഷ്‌കരിച്ചതിനൊപ്പമാണ് പുതിയ തീരുമാനവും ഉണ്ടായത്. വനിതകള്‍ക്ക് 10.10 ശതമാനവും മറ്റുള്ളവര്‍ക്ക് 10.15 ശതമാനവുമാണ് പുതുക്കിയ വാര്‍ഷിക പലിശ. 26 ന് ഇത് നിലവില്‍ വന്നു.

75 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 10.10 ശതമാനവും 75 ലക്ഷത്തിനു മേലുള്ള വായ്പയ്ക്ക് 10.25 ശതമാനവും പലിശയായിരുന്നു സ്ത്രീകള്‍ നല്‍കേണ്ടിയിരുന്നത്. പുതിയ രീതിയനുസരിച്ച് രണ്ട് വായ്പയ്ക്കും സ്ത്രീകള്‍ 10.10 ശതമാനം പലിശ നല്‍കിയാല്‍ മതി. മറ്റുള്ളവര്‍ 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് 10.15 ശതമാനവും 75 ലക്ഷത്തിനു മേലുള്ള വായ്പയ്ക്ക് 10.30 ശതമാനവുമായിരുന്നു പലിശ നല്‍കേണ്ടിയിരുന്നത്. പുതുക്കിയ നിരക്കനുസരിച്ച് ഈ വിഭാഗത്തിന്റെ ഏകീകൃത പലിശ 10.15 ശതമാനമായി.

ഭവന വായ്പയെടുത്തിട്ടുള്ളവര്‍ക്ക് സഹായമാകുന്ന പലിശ പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഫിനാന്‍സ് സെക്രട്ടറി ജി.എസ്. സന്ധു ഈയടുത്ത് വ്യക്തമാക്കിയിരുന്നു. ഭവനവായ്പാ ഭാരം ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണിത്. അഞ്ചുലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ പലിശയില്‍ അഞ്ചുശതമാനം ഇളവ് നല്‍കുന്നതാണിത്. നിലവില്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.