എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ വൈകിട്ട് അഞ്ചിനു ഗവർണർ പി.സദാശിവം മുൻപാകെയാണു ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.  ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ അടക്കമുള്ളവരും പങ്കെടുത്തു. എന്നാല്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി പങ്കെടുത്തില്ല. പത്ത് മാസത്തിന് ശേഷമാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ഒരേ മന്ത്രിസഭയിൽ രണ്ടാമതും മന്ത്രിയാകുകയെന്ന അപൂർവതയാണു ശശീന്ദ്രൻ സ്വന്തമാക്കിയത്.

സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ശശീന്ദ്രന്‍ മന്ത്രിയാകുന്നതിലൂടെ കേരളത്തില്‍ സ്ത്രീ സുരക്ഷ ശക്തിപ്പെടുമെന്നും ചെന്നിത്തല പരിഹസിച്ചിരുന്നു. പിണറായി വിജയൻ സർക്കാർ രൂപീകരണ വേളയിൽ മന്ത്രിയായിരുന്ന ശശീന്ദ്രൻ അശ്ലീല സംഭാഷണത്തിലേർപ്പെട്ടുവെന്ന ആക്ഷേപത്തെ തുടർന്നാണു 2017 മാർച്ച് 26ന് രാജിവച്ചത്. ജുഡീഷ്യൽ കമ്മിഷനും കോടതിയും കുറ്റവിമുക്തനാക്കിയതിനെ തുടർന്നാണു പുനഃപ്രവേശം. കേസ് സിജെഎം കോടതി തീർപ്പാക്കിയതിനെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ഹർജി ബുധനാഴ്ച സമർപ്പിച്ചതു രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉദ്വേഗത്തിനു വഴിവച്ചിരുന്നു.