ഐഫോണ്‍ 6 സെപ്റ്റംബര്‍ 19ന് എത്തുമെന്ന് റിപ്പോര്‍ട്ട്

ലോകത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പ് സെപ്റ്റംബര്‍ 19ന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ചൈനീസ് വെബ്സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഐഫോണ്‍ 6നും വേണ്ടി ആപ്പിള്‍ ആരാധകര്‍ കാത്തിരിക്കുന്നതിന് ഇടയിലാണ് ഫോണ്‍ പുറത്തിറക്കുന്ന തീയതി ചൈനീസ് വെബ്സൈറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. വളഞ്ഞ വശങ്ങളോട് കൂടിയ ആകര്‍ഷകമായ രൂപകല്‍പനയാണ് ഐഫോണ്‍ 6ന് ഉള്ളത്. 32 ജിബി ഐഫോണ്‍ 6ന്റെ 4.7 ഇഞ്ച് ഡിസ്പ്ലേ മോഡലിന് 51,000 രൂപയും 5.5 ഇഞ്ച് ഡിസ്പ്ലേ മോഡലിന് 61,000 രൂപയുമായിരിക്കും വില. നിലവില്‍ വിപണിയിലുള്ള നാല് ഇഞ്ച് ഐഫോണ്‍ 5എസ് (16ജിബി) മോഡലിനേക്കാള്‍ കുറഞ്ഞ വിലയാണിത്. ഐഫോണ്‍ എയര്‍ എന്ന പേരിലായിരിക്കും പുതിയ ഫോണ്‍ അറിയപ്പെടുകയെന്നും സൂചനയുണ്ട്. അതേസമയം ഐഫോണ്‍ 6നെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ ആപ്പിള്‍ വക്താക്കള്‍ തയ്യാറായിട്ടില്ല.