ഒരു റാങ്ക് ഒരു പെന്‍ഷന്‍ : അല്‍പ്പം സമയമനുവദിക്കണമെന്ന് പ്രധാനമന്ത്രി

narendra-modi
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അല്‍പ്പം സമയമനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുമെന്ന് മന്‍ കീ ബാത്ത് എന്ന റേഡിയോ പരിപാടിയിലാണ് അദ്ദേഹം പറഞ്ഞത്.

പ്രധാനമന്ത്രിയായിട്ട് മാത്രമല്ല ഇക്കാര്യം പറയുന്നത്. രാജ്യസ്‌നേഹി ആയിക്കൂടിയാണ്. നിരവധി വകുപ്പുകള്‍ ഏകോപിപ്പിച്ച് വേണം തീരുമാനം എടുക്കാന്‍. അതിനുള്ള കാലതാമസം ആണ് ഇപ്പോഴുള്ളത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പറഞ്ഞുകേള്‍ക്കുന്ന കാര്യമാണിത്. ഇനിയും അത് നടപ്പാക്കാന്‍ സാധിക്കാത്തതില്‍ പഴയ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങള്‍ വിസ്മരിക്കാനും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാനും തന്‍റെ സര്‍ക്കാര്‍ തയ്യാറല്ലെന്നും റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കി ബാത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

പദ്ധതിയെ കുറിച്ച് ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടേത് തെറ്റായ പ്രസ്താവനയാണെന്നും പദ്ധതി പ്രഖ്യാപിച്ചത് യു.പി.എ. സര്‍ക്കാറാണെന്നും ആന്റണി പറഞ്ഞു. പതിന്നാല് മാസമായിട്ടും പദ്ധതി നടപ്പാക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. മോദി സര്‍ക്കാര്‍ ഇനി ചെയ്യേണ്ടത് പദ്ധതിയുടെ ചെക്ക് വിമുക്തഭടന്മാര്‍ക്ക് എന്നുനല്‍കുമെന്ന തീയതി പ്രഖ്യാപിക്കുക മാത്രമാണെന്നും ആന്റണി പറഞ്ഞു. 2014-15 ലെ ഇടക്കാല ബജറ്റില്‍ ഇതിനായി 500 കോടി നീക്കിവെച്ചിരുന്നു. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ 1000 കോടി രൂപ ഒവണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കായി നീക്കിവെക്കുകയും ചെയ്തു.