ഓഖി:’ആശ്രിതര്‍ക്ക് ജോലി, പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും’

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും തീരപ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും ആശ്വാസ പ്രവര്‍ത്തനത്തിന് യോജിച്ച് നീങ്ങാനും യോഗം തീരുമാനിച്ചു. ഓഖി രന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു. ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരോടും പാര്‍ട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചതായും പിണറായി പറഞ്ഞു

ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യം പരിഗണിക്കും. മത്സ്യഫെഡ് പോലുള്ള സ്ഥാപനങ്ങളിലും മത്സ്യബന്ധന വകുപ്പിന് കീഴിലെ മറ്റു ഏജന്‍സികളിലും ഇവരെ തൊഴിലിന് പരിഗണിക്കും. ദുരന്തം കാരണം മാനസികാഘാതം നേരിട്ട കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സലിങ് നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വാര്‍ഷിക പരീക്ഷ നേരിടാന്‍ പ്രത്യേക കോച്ചിങ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.