ഓണത്തിന് ബാറുണ്ടാകും; പൂട്ടുന്നത് സപ്തംബര്‍ 12 ന്

പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ബാറുകളും സപ്തംബര്‍ 12 ന് പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു അറിയിച്ചു. ഓണത്തിന് ബാറുണ്ടാകുമെന്നാണ് ഇതിനര്‍ഥം.

അടച്ചുപൂട്ടാന്‍ ആഗസ്ത് 28 ന് എക്‌സൈസ് കമ്മീഷണര്‍ 15 ദിവസത്തെ നോട്ടീസ് ബാറുകള്‍ക്ക് നല്‍കും. ബാറുകളില്‍ സ്റ്റോക്കുള്ള മദ്യം സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതിനായി ചട്ടങ്ങള്‍ ലഘൂകരിക്കും – പുതിയ മദ്യനയം നടപ്പാക്കുന്നതിനെ കുറിച്ചുള്ള ഉന്നതതല യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ബാറുകളെല്ലാം ഇന്നത്തോടെ പൂട്ടുമെന്നായിരുന്നു മുമ്പത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, 15 ദിവസത്തെ നോട്ടീസ് നല്‍കിയ ശേഷം പൂട്ടിയാല്‍ മതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച നിമയമോപദേശമെന്ന് അറിയുന്നു.

അതേസമയം, ബാറുകള്‍ പൂട്ടിയാല്‍ ഓണക്കാലത്ത് സംസ്ഥാനത്ത് വന്‍തോതില്‍ വ്യാജമദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്നും, അതിന് തടയിടാനാണ് ബാറുകള്‍ പൂട്ടുന്നത് നീട്ടുന്നതെന്നും ചില കേന്ദ്രങ്ങള്‍ പറയുന്നു.

സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള എല്ലാബാറുകളും പൂട്ടാന്‍ കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ 418 ബാറുകള്‍ സംസ്ഥാനത്ത് പൂട്ടിയിട്ടുണ്ട്. ബാക്കിയുള്ളവയില്‍ 312 ബാറുകള്‍ പൂട്ടാനാണ് തീരുമാനം. നിലവില്‍ മദ്യവില്പനയില്ലാത്ത ദിവസങ്ങള്‍ക്ക് പുറമേ, ഞായറാഴ്ചയും മദ്യക്കച്ചവടം അനുവദിക്കേണ്ടന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ബീവറേജസ് കോര്‍പ്പറേഷന്റെ വില്പന കേന്ദ്രങ്ങളില്‍ 10 ശതമാനം വീതം എല്ലാവര്‍ഷവും പൂട്ടാനാണ് പുതിയ മദ്യനയം വിഭാവനം ചെയ്യുന്നത്. പത്ത് വര്‍ഷംകൊണ്ട് കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരികയാണ് ലക്ഷ്യം.