ഓഹരിയെടുക്കുന്നു

DHANALEKSHMI BANKകേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് പത്ത് വ്യക്തിഗത നിക്ഷേപകരില്‍ നിന്നായി 232.64 കോടി രൂപ സ്വരൂപിക്കുന്നു. മൂലധന അടിത്തറ ശക്തിപ്പെടുത്താനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മൂലധന സമാഹരണം നടത്തുന്നത്. പ്രമുഖ വ്യവസായി രവി പിള്ള 38.50 ലക്ഷം ഓഹരികള്‍ സ്വന്തമാക്കും. ഇതോടെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 4.90 ശതമാനമായി ഉയരും. നിലവില്‍ അദ്ദേഹത്തിന് 4.17 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് മേധാവി കപില്‍ വാദ്വാന്‍, വ്യവസായികളായ ബിമല്‍ മേത്ത, അശോക് ജെയിന്‍, പിങ്കി താക്കൂറാല്‍, സൂരജ് മുച്ചാല, മഹേഷ് ദലാല്‍, വിദേശ ഇന്ത്യക്കാരായ ഡോ. പര്‍മീന്ദര്‍ സിങ്, കല്‍പേഷ് മേത്ത, സുമിത് ബക്ഷി എന്നിവരാണ് ഓഹരി സ്വന്തമാക്കുന്ന മറ്റുള്ളവര്‍. ഇവര്‍ 62 ലക്ഷം വീതം ഓഹരികളാവും നേടുക. അതായത്, 3.34 ശതമാനം വീതം ഓഹരി പങ്കാളിത്തമാവും ഇവര്‍ക്ക് ലഭിക്കുക.

മുന്‍ഗണനാ ഓഹരികളിലൂടെയാണ് മൂലധന സമാഹരണം നടത്തുന്നത്. പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ 29 രൂപ പ്രീമിയം അടക്കം 39 രൂപയ്ക്കാണ് വില്‍ക്കുന്നത്. മൊത്തം 5.97 കോടി ഓഹരികളാണ് വില്‍പനയ്ക്കു വെയ്ക്കുക. മാര്‍ച്ച് 29 ന് നടക്കുന്ന ഓഹരിയുടമകളുടെ യോഗത്തില്‍ മൂലധന സമാഹരണത്തിന് അനുമതി തേടും. അനുമതിയായാല്‍ 15 ദിവസത്തിനുള്ളില്‍ ഓഹരികള്‍ കൈമാറാനാണ് പദ്ധതി. ഓഹരി വില്‍പന പൂര്‍ത്തിയാകുന്നതോടെ ബാങ്കില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ള ഓഹരി പങ്കാളിത്തം 22.79 ശതമാനമായി താഴും. നിലവില്‍ ഇത് 33.59 ശതമാനമാണ്. അതേസമയം, വ്യക്തിഗത റെസിഡന്റ് നിക്ഷേപകരുടെ പങ്കാളിത്തം 39.58 ശതമാനത്തില്‍ നിന്ന് 46.9 ശതമാനമായും വിദേശ ഇന്ത്യക്കാരുടേത് 12.78 ശതമാനത്തില്‍ നിന്ന് 20.77 ശതമാനമായും ഉയരും.

ഈ സാമ്പത്തിക വര്‍ഷം നേരത്തെ 78 കോടി രൂപ ബാങ്ക് സ്വരൂപിച്ചിരുന്നു. 232.64 കോടി കൂടി സമാഹരിക്കുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ 300 കോടി സമാഹരിക്കാന്‍ കഴിയുമെന്ന നേട്ടം കൂടിയുണ്ട്. ബാങ്കിന്റെ മൂലധന പര്യാപ്തതാനുപാതം നിലവില്‍ 11.79 ശതമാനമാണ്. ഇത് ഏതാണ്ട് 14.5 ശതമാനമായി വര്‍ധിപ്പിക്കാനും ഓഹരി വില്‍പനയിലൂടെ സാധിക്കും. ഇതോടെ മൂലധന അടിത്തറ ശക്തിപ്പെടുത്താനാകുമെന്നാണ് ധനലക്ഷ്മി ബാങ്കിന്റെ കണക്കുകൂട്ടല്‍.