കക്കയം ഡാം പരിസരത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം; തിരച്ചിൽ ആരംഭിച്ചു

നിലമ്പൂരിൽ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകൾ കക്കയം ഡാം പരിസരത്ത് എത്തിയെന്ന രഹസ്യവിവരത്തേത്തുടർന്ന് തണ്ടർബോൾട്ട് കമാൻഡോകൾ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ഇന്നു പുലർച്ചെ അഞ്ചുമണി മുതലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്.

നിലമ്പൂരിൽ പൊലീസ് വധിച്ച അജിതയുടെയും, കുപ്പു ദേവരാജിന്റെയും പക്കൽ നിന്നു കണ്ടെടുത്ത പെൻഡ്രൈവുകളിലെ ദൃശ്യങ്ങളിൽ ഇവരോടൊപ്പം മറ്റു ഇരുപതോളം പേരും ഉണ്ടായിരുന്നു. അതേസമയം പൊലീസ് നടപടിയിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സംഘത്തിലെ അംഗങ്ങൾ തന്നെയാകാം കക്കയം ഡാം പരിസരത്തെത്തിയതെന്നാണ് നിഗമനം.

ദേവരാജും, അജിതയും കൊല്ലപ്പെട്ടതിനു ശേഷവും വനമേഖലയോടു ചേർന്നുളള കോളനികളിൽ മാവോവാദി സാന്നിദ്ധ്യമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മാവോവാദി നേതാവ് അക്‌ബർ എന്നു പരിചയപ്പെടുത്തിയ ഒരാൾ നിലമ്പൂരിൽ മാദ്ധ്യമപ്രവർത്തകരെ വിളിച്ച് കൊല്ലപ്പെട്ട അജിതയും, കുപ്പുദേവരാജും രോഗബാധിതരായിരുന്നുവെന്നു പറഞ്ഞതായും വിവരമുണ്ട്.