കല്‍ക്കരിപ്പാടം അഴിമതി: ടി കെ എ നായരെ സി ബി ഐ ചോദ്യംചെയ്തു

tka nair

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടി കെ എ നായരെ സി ബി ഐ ചോദ്യം ചെയ്തു. 30 ചോദ്യങ്ങള്‍ നായര്‍ക്ക് അയച്ചുകൊടുത്തുവെന്നും അവയ്ക്കുള്ള വിശദമായ മറുപടി അദ്ദേഹം നല്‍കിയെന്നും സി ബി ഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. ടി കെ എ നായര്‍ നല്‍കിയ മറുപടിയുടെ വിശദാംശങ്ങള്‍ കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 28 ന് സി ബി ഐ സുപ്രീം കോടതിയെ അറിയിക്കും.

കല്‍ക്കരിപ്പാടങ്ങള്‍ എന്തുകൊണ്ട് ലേലം ചെയ്തില്ല, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായത് എങ്ങനെ, ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയാണ് നായരില്‍നിന്ന് ആരാഞ്ഞതെന്ന് ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയുമായും പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണവുമായും യോജിച്ചുപോകുന്ന മറുപടിയാണ് നായരില്‍നിന്ന് ലഭിച്ചത് എന്നാണ് സൂചന.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു നായര്‍ . അന്വേഷണസംഘം അദ്ദേഹത്തെ നേരിട്ട് ചോദ്യംചെയ്യുന്നതിനോട് പ്രധാനമന്ത്രിക്ക് യോജിപ്പില്ലാത്തിനാലാണ് ചോദ്യാവലി സി ബി ഐ അദ്ദേഹത്തിന് അയച്ചുകൊടുത്തതെന്നാണ് സൂചന.

2006 നും 2009 നുമിടെ 68 കല്‍ക്കരിപ്പാടങ്ങള്‍ 151 കമ്പനികള്‍ക്ക് അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടായതെന്നാണ് ആരോപണം. ഇതുമൂലം പൊതുഖജനാവിന് 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ .