കല്‍ക്കരിപ്പാടങ്ങളുടെ വിതരണം നിയമവിരുദ്ധമെന്ന് സുപ്രിംകോടതി

സ്വകാര്യമേഖലയിലും പൊതു മേഖലയിലും 1993 മുതല്‍ കല്‍ക്കരിപാടങ്ങള്‍ അനുവദിച്ചതില്‍ സുതാര്യതയില്ലെന്നും അവ നിയമവിരുദ്ധമാണെന്നും സുപ്രിംകോടതി. കല്‍ക്കരിപാടങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങളില്ലാതെയാണ് വിതരണം ചെയ്തതെന്നും ചീഫ് ജസ്റ്റീസ് ആര്‍.എം. ലോഥ, ജസ്റ്റീസ് മദന്‍ ബി ലോകൂര്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവരങ്ങടങ്ങിയ ബഞ്ച് കണ്ടെത്തി.

218 കല്‍ക്കരിപാടങ്ങള്‍ അനുവദിച്ചത് റദ്ദാക്കുന്നില്ലെന്നും ഇതിനായി പ്രത്യേക വാദം കേള്‍ക്കണമെന്നും സുപ്രിം കോടതി പറഞ്ഞു.

വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയുണ്ടാക്കി കല്‍ക്കരിപാടങ്ങള്‍ പുനര്‍വിതരണം ചെയ്യുന്നാകുമോ എന്ന സാധ്യതയും സുപ്രിം കോടതി ആരാഞ്ഞു. കേസിന്റെ അടുത്ത വാദം സപ്തംബര്‍ ഒന്നിന് നടക്കും. പ്രത്യേകസമിതിയുടെ കാര്യവും കോടതി അന്ന് പരിഗണിക്കും.

2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ കല്‍ക്കരിപ്പാടവിതരണം കാര്യക്ഷമമായല്ല നടന്നതെന്ന സി.എ.ജി. റിപ്പോര്‍ട്ടാണ് കല്‍ക്കരിവിവാദത്തിന് വഴിമരുന്നായത്. ജാര്‍ഖണ്ഡ്, ചത്തീസ്ഖഢ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കല്‍ക്കരിപാടങ്ങളുടെ വിതരണങ്ങളാണ് വിവാദമായിരിക്കുന്നത്.

കല്‍ക്കരിപാടം അനുവദിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴിവിട്ട് ഇടപെട്ടതായും ആരോപണമുണ്ടായിരുന്നു. സിഎജി റിപ്പോര്‍ട്ടില്‍ നിന്നും ചില ഉന്നതരുടെ പേരുകള്‍ ഒഴിവാക്കാന്‍ വന്‍ സമ്മര്‍ദ്ദമുണ്ടായതായി ഞായറാഴ്ച മുന്‍ സിഎജി വിനോദ് റായി വെളിപ്പെടുത്തിയിരുന്നു.