കാതലായ മാറ്റം ഉണ്ടെങ്കിലേ ജാമ്യം പരിഗണിക്കൂ; എന്തിന് വീണ്ടും വന്നു എന്ന് ഹൈക്കോടതി

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി 26ലേക്ക് മാറ്റി. കേസിന്റെ സാഹചര്യത്തില്‍ മാറ്റമൊന്നുമുണ്ടാകാത്ത പക്ഷം എന്തിന് ജാമ്യാപേക്ഷയുമായി ഇപ്പോള്‍ വീണ്ടും വന്നു എന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ചോദ്യം. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കാവ്യയേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാനുണ്ടെന്നും കോടതി അറിയിച്ചു. കസ്റ്റഡി കാലാവധി മാറിയതല്ലാതെ എന്ത് മാറ്റമാണ് പുതിയ അപേക്ഷ സമര്‍പ്പിക്കാനുള്ള സാഹചര്യമെന്ന് കോടതി ചോദിച്ചു. മുമ്പ് ജാമ്യം തള്ളിയ അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കോടതി വാക്കാല്‍ പരാമര്‍ശിക്കുകയുണ്ടായി.ഇതിനിടെ ദിലീപിന്റെ അഭിഭാഷകരുടെ വാദം കോടതി കേട്ടില്ല. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ജാമ്യാപേക്ഷയില്‍ മറുപടി പറയാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 26 ന് ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കും.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും ദിലീപിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയും ഉച്ചതിരിഞ്ഞ് 1.45 ന് ഹര്‍ജി പരിഗണിക്കുകയുമായിരുന്നു. ഹൈക്കോടതിയില്‍ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തന്റെ സിനിമകള്‍ അവതാളത്തിലാണെന്നാണെന്ന് പറഞ്ഞാണ് ദിലീപ് ഇത്തവണ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. 50 കോടിയുടെ പ്രൊജക്ടുകള്‍ ആണ് അവതാളത്തിലായതെന്ന് ഹര്‍ജിയില്‍ പറയുന്നു. മഞ്ജുവിന് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ട്.പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ചു. സുനിക്കെതിരെ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയിട്ടില്ല. സുനിലിന്റെ വാക്കുകളാണ് പൊലീസ് വിശ്വസിക്കുന്നത്. സുനില്‍ സ്ഥിരം കുറ്റവാളിയെന്നും ദിലീപ് പറഞ്ഞു.

തിങ്കളാഴ്ച അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.  നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസില്‍ 65 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയില്‍ ദിലീപ് ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിച്ചില്ല.