കാറ്റലോണിയയില്‍ ഹിത പരിശോധന തുടങ്ങി; അടിച്ചമര്‍ത്താനുറച്ച് സ്‌പെയിന്‍ ഭരണകൂടം

സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി  കാറ്റലോണിയയില്‍ ജനത തീരുമാനിച്ച ഹിതപരിശോധന തുടങ്ങി. ഏതുവിധേനയും ഹിതപരിശോധനയെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച സ്‌പെയിന്‍ ഭരണകൂടം ഹിതപരിശോധനെ അടിച്ചമര്‍ത്തല്‍ തുടങ്ങി. രക്തംവാര്‍ന്ന് ജനങ്ങള്‍ തെരുവുകളിലൂടെ സമരം ചെയ്യുന്നതായും ഹിതപരിശോധനാക്കായി പോളിങ് ബൂത്തുകളിലേക്ക് കൂട്ടത്തൊടെ പോകുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പലയിടത്തും സ്പാനിഷ് പോലീസും കാറ്റലോണിയ ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നതിനെതുടര്‍ന്ന് 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കടുത്ത നടപടികളുമായി രംഗത്തെത്തിയ സ്‌പെയിന്‍ ഭരണകൂടം, കാറ്റലോണിയയിലെ വാര്‍ത്താവിതരണ വിഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നേരത്തെ പോളിങ് ബൂത്തുകളും സ്‌കൂളുകളും പോലീസ് സീല്‍ ചെയ്തിരുന്നു. ഏതുവിധേനയും ഹിതപരിശോധന നടത്തുമെന്ന കാറ്റലോണിയന്‍ സര്‍ക്കാര്‍ തീരുമാനത്തെ ജനങ്ങള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ഹിതപരിശോധന അനുകൂലമായല്‍ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പുതിയ ഭരണഘടന ഉണ്ടാക്കുമെന്ന് കാറ്റലിയന്‍ ഭരണകൂടം പറഞ്ഞിട്ടുണ്ട്. സ്പാനിഷ് സുപ്രീംകോടതി ഹിതപരിശോധന വിലക്കിയിരുന്നെങ്കിലും വിലക്ക് തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് കാറ്റലിയ പറയുന്നത്. സ്‌പെയിനിലെ ഏറ്റവും സമ്പന്നമായ കാറ്റലോണിയയില്‍ 75 ലക്ഷത്തോളം ജനങ്ങളുണ്ട്. സ്‌പെയിനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആദ്യത്തെ ഹിതപരിശോധനാഫലം കാറ്റലോണിയക്ക് അനുമതി നല്‍കിയെങ്കിലും അന്ന് നടന്ന ഹിതപരിശോധനാഫലം സ്‌പെയിന്‍ അംഗീകരിച്ചിരുന്നില്ല. അഭിപ്രായ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നായിരുന്നു സ്‌പെയിനിന്റെ നിലപാട്. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഹിതപരിശോധനയ്ക്ക് കാറ്റലോണിയ ഒരുങ്ങുമ്പോഴും നിലപാടില്‍ മാറ്റം വരുത്താന്‍ സ്‌പെയിന്‍ തയ്യാറായിട്ടില്ല. അതേസമയം ഇത്തവണത്തെ വോട്ടെടുപ്പ് അനുകൂലമായാല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കും എന്ന നിലപാടിലാണ് കാറ്റലോണിയ.