കാസര്‍കോട്ടും മഞ്ചേശ്വരത്തും പോളിങ് കൂടാത്തതും നേതാക്കളുടെ ആത്മാര്‍ഥതയില്ലായ്മയും ചര്‍ച്ചയാകും

കാസര്‍കോട്: ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച കെ.പി.സി.സി.ക്ക് തിരഞ്ഞെടുപ്പു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ

കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളില്‍ പോളിങ് ശതമാനം കൂടാത്തത് പ്രധാന വിഷയമായി റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന. ചില കോണ്‍ഗ്രസ് നേതാക്കളുടെ ആത്മാര്‍ഥതയില്ലായ്മയും ചൂണ്ടിക്കാട്ടിയേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനു മാത്രമായി ശനിയാഴ്ച ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം യോഗംചേരുന്നുണ്ട്. അന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

പതിവിനു വിപരീതമായി കെ.പി.സി.സി. നേതൃത്വം കര്‍ശനമായി തിരഞ്ഞെടുപ്പു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഡി.സി.സി. നേതൃയോഗം നടക്കുന്നത്. അമിത ആത്മവിശ്വാസം കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നില്ലെങ്കിലും 5000 മുതല്‍ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖ് ജയിക്കുമെന്ന് അവകാശപ്പെടുന്നു.
എന്നാല്‍, സംസ്ഥാനത്തെ പൊതുപ്രവണതയ്ക്കു വിപരീതമായി യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളായ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പോളിങ് ശതമാനം കുറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായാണ് ചര്‍ച്ചചെയ്യുന്നത്. കാസര്‍കോട് നിയോജകമണ്ഡലത്തില്‍ 72.58 ശതമാനവും മഞ്ചേശ്വരത്ത് 71.49 ശതമാനവുമായിരുന്നു പോളിങ്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ രണ്ടു മണ്ഡലങ്ങളാണിവ. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കാസര്‍കോട്ട് 73.38 ശതമാനവും മഞ്ചേശ്വരത്ത് 75.14 ശതമാനവുമായിരുന്നു പോളിങ്.

സാങ്കേതികതലത്തില്‍ ചെറിയ കുറവാണെന്നേ തോന്നുകയുള്ളൂവെങ്കിലും മണ്ഡലത്തില്‍ 1,57,460 പുതിയ വോട്ടര്‍മാരാണ് ഇത്തവണ ഉണ്ടായിരുന്നത് എന്നതിനെ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോഴാണ് കുറവ് വളരെ വലുതാണ് എന്ന് മനസ്സിലാകുക. ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങളില്‍ ഒന്ന് മഞ്ചേശ്വരമായിരുന്നു (1,89,616). മറ്റേത് കാഞ്ഞങ്ങാടും (1,89,637). കാസര്‍കോട് മണ്ഡലത്തില്‍ 1,71,066 വോട്ടര്‍മാരാണുണ്ടായിരുന്നത്. എന്നിട്ടും, തൃക്കരിപ്പൂര്‍ (81.82), കല്ല്യാശ്ശേരി (81.31), പയ്യന്നൂര്‍ (84.312) എന്നിവിടങ്ങളിലെ പോളിങ് ശതമാനത്തിന് അടുത്തെത്താന്‍പോലും കഴിഞ്ഞില്ല.

ഭാഷാന്യൂനപക്ഷങ്ങളുടെ മേഖലയായ കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ ആ വിഭാഗങ്ങളില്‍പ്പെട്ട ചില നേതാക്കളുടെ പ്രവര്‍ത്തനം ആത്മാര്‍ഥതയില്ലാത്തതായിരുന്നു എന്ന് കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ ഇതുവരെ രേഖാമൂലം ആരും പരാതി നല്‍കിയിട്ടില്ല. എന്നാല്‍, ശനിയാഴ്ചത്തെ യോഗത്തില്‍ ഇത് ശക്തമായി ഉന്നയിക്കുന്നതിനായി കാത്തിരിക്കുകയാണ് ചില നേതാക്കളെന്നാണ് സൂചന.

ഭാഷാന്യൂനപക്ഷങ്ങളെ മുഴുവനായി പോളിങ് ബൂത്തില്‍ എത്തിക്കാനായെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നില്ല. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അന്തിമഘട്ടംവരെ കേട്ടിരുന്ന പേരാണ് കെ.പി.സി.സി. പ്രത്യേക ക്ഷണിതാവും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ബി.സുബ്ബയ്യ റൈയുടേത്. എന്നാല്‍, അവസാനനിമിഷം തള്ളപ്പെടുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധപ്രകാരമാണ് ടി.സിദ്ദിഖിനെ കാസര്‍കോട്ട് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്നതും ചില നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പ്രചാരണത്തിന് കര്‍ണാടകത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വരവ് ഇത്തവണ കുറഞ്ഞതും വിഷയമായിട്ടുണ്ട്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കര്‍ണാടകസമിതി നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന.
എന്നാല്‍, കല്ല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പുദിവസം ഉച്ചയ്ക്കുശേഷം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബൂത്തുപിടിത്തവും കള്ളവോട്ടും വ്യാപകമായി നടന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതാണ് പോളിങ് ശതമാനത്തിലെ വര്‍ധനയ്ക്ക് കാരണമെന്നും അവര്‍ പറയുന്നു.

[follow id=”@dnnewsonline” ]