കുവൈത്തില്‍ സ്വകാര്യമേഖലയിലെ സ്വദേശിവല്‍കരണതോത് വര്‍ധിപ്പിക്കുന്നു

കുവൈത്തില്‍ സ്വകാര്യമേഖലയിലെ സ്വദേശിവല്‍കരണതോത് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. സ്വദേശികളായ പതിനായിരം പേര്‍ക്കു കൂടി സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിനാണ് കുവൈത്ത് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സ്വദേശികളായ പതിനായിരം പേര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്‍കാനുളള നീക്കത്തിന്റെ ഭാഗമായാണ് കുവൈത്തില്‍ വീണ്ടും സ്വദേശിവത്കരണം കൊണ്ടുവരുന്നത്. പുതിയ നീക്കത്തിലൂടെ തൊഴില്‍രഹിതരായ സ്വദേശികളുടെ എണ്ണം നാലുശതമാനമായി കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. സ്വകാര്യമേഖലയില്‍ നിശ്ചിതശതമാനം തൊഴില്‍ സ്വദേശികള്‍ക്കു സംവരണം ചെയ്തുകൊണ്ട് 2002 ല്‍ കുവൈത്ത് സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. 2005ലും 2008ലും സ്വദേശികള്‍ക്കായുള്ള തൊഴിലവസരങ്ങളുടെ തോത് വര്‍ധിപ്പിക്കുകയും ചെയ്തു. പൊതുമേഖലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യമേഖലയില്‍ ലഭ്യമല്ല എന്നതിനാല്‍ സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നതിനോട് സ്വദേശികള്‍ വൈമുഖ്യം കാണിച്ചിരുന്നു. അതൊഴിവാക്കാന്‍ സ്വകാര്യമേഖലയിലെ ആനുകൂല്യങ്ങള്‍ക്കുപുറമെ പ്രത്യേക ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍വകയായും നല്‍കിയാണ് സ്വദേശികളെ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. രാജ്യത്ത് വര്‍ഷംതോറും പുറത്തിറങ്ങുന്ന അഭ്യസ്തവിദ്യര്‍ക്ക് പൊതുമേഖലയില്‍ മാത്രമായി തൊഴില്‍ നല്‍കാനാകാത്തതും അതുവഴി തൊഴിലില്ലായ്മ വര്‍ധിക്കുന്നതുമാണ് സ്വകാര്യമേഖലയില്‍ സ്വദേശി പ്രവേശനം പ്രോല്‍സാഹിപ്പിക്കാന്‍ കുവാത്ത് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.