കെഎംഎംഎല്ലില്‍ വീണ്ടും വാതകച്ചോര്‍ച്ച; 50-ഓളം കുട്ടികള്‍ ആശുപത്രിയില്‍

കൊല്ലം ചവറയിലെ കെഎംഎംഎല്‍ പ്ലാന്റില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാതക ചോര്‍ച്ച. വാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ സ്‌കൂളിലെ അന്‍പതിലേറെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അതേസമയം ഇനിയൊരറിയിപ്പുണ്ടാകും വരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവായി. രാവിലെ പത്തരയോടെയാണ് ചവറ കെഎംഎംഎല്‍ പ്ലാന്റില്‍ നിന്നും വാതക ചോര്‍ച്ചയുണ്ടായത്. ഹൈഡ്രജന്‍ സള്‍ഫൈഡാണ് ചോര്‍ന്നതെന്നാണ് ആരോപണം. വാതകചോര്‍ച്ചയെത്തുടര്‍ന്ന് സമീപത്തെ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും മനംപിരട്ടലും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് അന്‍പതിലേറെ വിദ്യാര്‍ത്ഥികളെ ചവറയിലെയും , കരുനാഗപ്പള്ളിയിലെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും വാതകചോര്‍ച്ചയുണ്ടായതോടെ സുരക്ഷാ വീഴ്ചയാരോപിച്ച് നാട്ടുകാര്‍ കെഎംഎംഎല്ലിനു മുന്നില്‍ പ്രതിഷേധവുമായി എത്തി. നാട്ടുകാര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികളും യുവജനപ്രസ്ഥാനങ്ങളും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. കമ്പനി ഗേറ്റ് ഉപരോധിച്ച പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി ദേശീയപാതയിലും കമ്പനി പരിസരത്തും നിലയുറപ്പിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടത്. സമരക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസിന്റെ ശ്രമം ഉന്തിലും തള്ളിലും കല്ലേറിലും കലാശിച്ചു. ഇന്നലെയും സമാനമായ രീതിയില്‍ വാതകച്ചോര്‍ച്ചയുണ്ടാവുകയും നൂറിലേറെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതിഷേധം അടങ്ങുംമുന്‍പാണ് ഇന്നും വാതകചോര്‍ച്ചയുണ്ടായത്. ഇതിനിടെ സുരക്ഷാ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കെഎംഎംഎല്‍ പ്ലാന്റ് താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ മലിനീകരണം നിയന്ത്രണ ബോര്‍ഡും , ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പും നിര്‍ദ്ദേശം നല്‍കി. വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തിനു ശേഷം മാത്രമേ ഇനി പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകൂ. സംഭവത്തെപ്പറ്റി ഉഇന്റലിജന്‍സ് എഡിജിപി അന്വേഷിക്കുമെന്ന് ആശുപത്രിയില്‍ കുട്ടികളെ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. അതേസമയം വാതകച്ചോര്‍ച്ച സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ പ്ലാന്റുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചിരുന്നില്ലെന്നുമാണ് കെഎംഎംഎല്‍ അധികൃതരുടെ വാദം.