കെറി എത്തി: വെള്ളിയാഴ്ച മോദിയെ കാണും

john kerry

ഇന്ത്യയുമായുള്ള തന്ത്രപരമായ സംഭാഷണങ്ങള്‍ തുടരുകയെന്ന ലക്ഷ്യത്തോടെ യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബുധനാഴ്ച ഡല്‍ഹിയിലെത്തി.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ധന-പ്രതിരോധകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും അദ്ദേഹം കാണുന്നുണ്ട്.

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി നൂറുദിവസം തികയും മുമ്പേയാണ് യു.എസ്. വിദേശകാര്യസെക്രട്ടറി ഇന്ത്യയിലെത്തിയത്.
ഇന്ത്യ ഒപ്പുവെക്കാത്തതിനാല്‍ ആഗോള വാണിജ്യപരിഷ്‌കരണ കരാര്‍ വഴിമുട്ടിനില്‍ക്കുന്ന സാഹചര്യത്തിലാണ് കെറിയുടെ വരവ്. ജൂലായ് 31-നകം ബന്ധപ്പെട്ട രാജ്യങ്ങളെല്ലാം അംഗീകരിച്ചാലേ കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡൊനീഷ്യയിലെ ബാലിയിലുണ്ടാക്കിയ കരാറിന് നിലിനില്‍പ്പുള്ളൂ. ബാലിയിലെ കരാറിനെ ഇന്ത്യയും അനുകൂലിച്ചിരുന്നു. കെറിയുടെ ഇന്ത്യാസന്ദര്‍ശനവേളയില്‍ ഇക്കാര്യത്തില്‍ സമ്മര്‍ദമുണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, സബ്‌സിഡികളും ഭക്ഷ്യസംഭരണവും സംബന്ധിച്ച് അന്തിമതീരുമാനമാകാതെ കരാര്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

‘ബാലി വാണിജ്യപ്രോത്സാഹന കരാര്‍’ എന്നറിയപ്പെടുന്ന കരടുകരാറില്‍ അന്നൊപ്പുവെച്ചത് യു.പി.എ. സര്‍ക്കാറായിരുന്നു. ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍, ഭക്ഷ്യസംഭരണം ഇവയുടെ സംരക്ഷണത്തിന് താത്കാലികവകുപ്പുകള്‍ പിന്നീട് ഉണ്ടാക്കാമെന്ന ധാരണയിലാണ് ഇന്ത്യ കരടുകരാറില്‍ ഒപ്പുവച്ചത്. അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി. ഇതില്‍ പ്രതിഷേധിച്ചിരുന്നു.

തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലേറിയ ബി.ജെ.പി. സര്‍ക്കാര്‍ കരാര്‍ സംബന്ധിച്ച നിലപാടില്‍ ഉറച്ചുനില്ക്കുകയാണ്. എല്ലാ രാഷ്ട്രങ്ങളും അംഗീകരിച്ചാലേ കരാറുമായി മുന്നോട്ടുപോകാന്‍ കഴിയൂ എന്നതിനാല്‍ ഇന്ത്യയുടെ നിലപാട് നിര്‍ണായകമാണ്.

കരാര്‍ അംഗീകരിക്കും മുമ്പ് സബ്‌സിഡികളുടെയും സംഭരണത്തിന്റെയും കാര്യത്തില്‍ സ്ഥിരമായ ഉറപ്പുവേണമെന്ന് വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കരാറില്‍ ഉള്‍ക്കൊള്ളിക്കേണ്ട വ്യവസ്ഥകള്‍ സംബന്ധിച്ച് ബാലി ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിട്ടില്ലെന്നാണ് സൂചന.

കരടുകരാര്‍ സംബന്ധിച്ച കടുംപിടിത്തം ഇന്ത്യ ഉപേക്ഷിക്കണമെന്ന് യു.എസ്സില്‍ നിന്ന് പുറപ്പെടുംമുമ്പ് കെറി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ വൈമുഖ്യം കാണിച്ചശേഷം കരാറിനെതിരെ ദക്ഷിണാഫ്രിക്കയും പരസ്യമായി രംഗത്തുവന്നിരുന്നു.