കൊച്ചിയില്‍ സിറ്റി ബസ്സുകളുടെ ഓവര്‍ടേക്കിങ് നിരോധിച്ചു

കൊച്ചി നഗരത്തില്‍ രണ്ട് മാസക്കാലത്തേക്ക് സിറ്റി ബസ്സുകള്‍ നഗരപരിധിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. സിറ്റി ബസ്സുകള്‍ ഓവര്‍ടേക്ക് ചെയ്യുന്നില്ലെന്ന കാര്യം റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയും അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണറും ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദ്ദേശിച്ചു.

ഉത്തരവ് മറികടക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും വേണം. എറണാകുളം ജില്ലാ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് രംഗദാസ പ്രഭുവാണ് നഗരത്തിലെ റോഡുകളുടെ പരിതാപകരമായ സ്ഥിതിയും അപകടങ്ങളുടെ കണക്കും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

വിലപിടിച്ച ജീവനുകള്‍ ഗതാഗതക്കുരുക്കിന്റെ പേരില്‍ റോഡില്‍ പൊലിയില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നഗരമേഖലയിലെ റോഡുകളിലെ ഗട്ടറുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണം.

ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറി, ദേശീയപാത അതോറിട്ടി, പി.ഡബ്യു.ഡി. ചീഫ് എന്‍ജിനീയര്‍, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയ ഹര്‍ജി പരിഗണിക്കവേ, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനേയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനേയും സ്വമേധയാ കോടതി എതിര്‍കക്ഷികളാക്കി.

അടുത്തിടെ സ്വകാര്യ ബസ്സകളുടെ അമിതവേഗത്തെ തുടര്‍ന്ന് കാല്‍നട യാത്രക്കാരായ രണ്ട് സ്ത്രീകള്‍ മരണപ്പെട്ട സംഭവും ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഡ്വ. രാജന്‍ മഠത്തില്‍ കോടതിയെ അറിയിച്ചു. കേസില്‍ ആഗസ്ത് 26ന് കോടതി വിശദമായ വാദം കേള്‍ക്കും.