കെ.എസ്.ആര്‍.ടി.സി. ടെര്‍മിനല്‍: പണി മുടങ്ങി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി. പാലക്കാട് ബസ്സ്‌റ്റേഷന്‍ നവീകരണത്തിന് അധികൃതര്‍ സമര്‍പ്പിച്ച അന്തിമപ്ലാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ മടക്കി. ഇതോടെ, ബസ്സ്‌റ്റേഷന്‍ പുതുക്കിപ്പണിയല്‍ അനിശ്ചിതമായി നീളുമെന്ന് ഏതാണ്ടുറപ്പായി.

ബസ്‌ബേ, ഓഫീസ്‌ക്കെട്ടിടം എന്നിവയോടൊപ്പം വാണിജ്യസമുച്ചയമുള്‍പ്പെടെയുള്ള നിര്‍ദേശമാണ് കെ.എസ്.ആര്‍.ടി.സി. സമര്‍പ്പിച്ച അന്തിമപ്ലാനിലുണ്ടായിരുന്നത്. എറണാകുളത്തെ സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ പദ്ധതി ഫിബ്രവരിയിലാണ് ചീഫ് ടൗണ്‍ പ്ലാനര്‍ മടക്കിയത്. പദ്ധതി നിര്‍ദേശിച്ചിരിക്കുന്ന വലിപ്പത്തിലുള്ള വാണിജ്യസമുച്ചയം ആവശ്യമില്ലെന്നായിരുന്നു ചീഫ് ടൗണ്‍ പ്ലാനറുടെ വിലയിരുത്തല്‍. പാര്‍ക്കിങ് ഏരിയ, ബസ്‌ബേ തുടങ്ങിയവയുടെ കാര്യത്തിലും ചീഫ് ടൗണ്‍ പ്ലാനര്‍ തടസ്സങ്ങള്‍ ഉന്നയിച്ചതായാണ് വിവരം.
കെ.എസ്.ആര്‍.ടി.സി. വെച്ച പദ്ധതിനിര്‍ദേശം പരിശോധിച്ചശേഷം ജില്ലാതല നഗരാസൂത്രണ വിഭാഗവും ഇതേ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും മാറ്റങ്ങളൊന്നുമില്ലാതെ സംസ്ഥാന നഗരാസൂത്രണ വിഭാഗത്തിന് കൈമാറിയതാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വിനയായത്. പദ്ധതിയില്‍ മാറ്റങ്ങള്‍വരുത്തി സമര്‍പ്പിക്കാനാണ് നിര്‍ദേശമുള്ളത്.

25 കോടി ചെലവിലാണ് കെ.എസ്.ആര്‍.ടി.സി. ബസ്സ്‌റ്റേഷന്‍ നവീകരണത്തിന് പദ്ധതിയിട്ടത്. ബി.ഒ.ടി. വ്യവസ്ഥയില്‍ പഴയ കെട്ടിടം പൂര്‍ണമായി പൊളിച്ചുനീക്കി പുതിയത് നിര്‍മിക്കാനാണ് പദ്ധതി. സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് താത്കാലിക സൗകര്യമൊരുക്കാന്‍ നഗരസഭ നേരത്തെ അനുമതിനല്‍കിയിരുന്നു. നഗരസഭയുടെ അനുമതി വൈകുന്നതിനാലാണ് സ്റ്റാന്‍ഡുമാറ്റം നടക്കാത്തതെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ഇതുവരെ പറഞ്ഞത്. ചീഫ് ടൗണ്‍ പ്ലാനര്‍ പദ്ധതിക്ക് തടസ്സംനിന്ന കാര്യം ഇപ്പോഴാണ് പുറത്തുവരുന്നത്.

സ്റ്റേഡിയംസ്റ്റാന്‍ഡിന് കിഴക്കുഭാഗത്ത് കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍ വിഭാഗം തുടങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെ ഇപ്പോഴത്തെ അന്തഃസംസ്ഥാന ബസ് ടെര്‍മിനലില്‍ കെട്ടിടത്തിനുമുകളില്‍ ഓഫീസ് തുടങ്ങാനും ഒരുക്കങ്ങള്‍ തുടങ്ങി. അന്തിമപദ്ധതിയില്‍ ആവശ്യമായ മാറ്റംവരുത്തി അംഗീകാരം വാങ്ങിയെടുക്കാന്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

[follow id=”@dnnewsonline” ]