കെ. ശങ്കരനാരായണന്‍ രാജിവെച്ചു

മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന കെ. ശങ്കരനാരായണന്‍ രാജിവെച്ചു. മിസോറം ഗവര്‍ണറായി സ്ഥലം മാറ്റിയതിനെത്തുടര്‍ന്നാണ് രാജി. രാജിക്കത്ത് രാഷ്ട്രപതിഭവനിവലേക്ക് അയച്ചു. ഗവര്‍ണറായിരുന്ന കാലം എല്ലാ പാര്‍ട്ടികളുമായും രാഷ്ട്രീയത്തിനതീതമായ ബന്ധമായിരുന്നുവെന്നും ഇനി മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും രാജിക്കാര്യം അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശങ്കരനാരായണനെ മിസോറം ഗവര്‍ണറായി സ്ഥലം മാറ്റിയത്. ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്‌ലിക്കാണ് മഹാരാഷ്ട്രയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്. മറ്റൊരു സംവിധാനം ഉണ്ടാകുന്നത് വരെ കോഹ്‌ലി മഹാരാഷ്ട്രയുടെ ചുമതല കൂടി വഹിക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു.

2017 ല്‍ കാലാവധി അവസാനിക്കുന്നത് വരെ മിസോറം ഗവര്‍ണറായി പ്രവര്‍ത്തിക്കാനാണ് ശങ്കരനാരായണന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാജ്ഭവനുകള്‍ക്ക് ലഭിച്ചത്.

യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശങ്കരനാരായണന്‍ അടക്കമുള്ള ഗവര്‍ണര്‍മാര്‍ രാജിവെച്ചിരുന്നില്ല.

മിസോറം ഗവര്‍ണര്‍ കമല ബെനിവാളിനെ ഈ മാസം ആദ്യമാണ് രാഷ്ട്രപതി നീക്കം ചെയ്തത്. വക്കം പുരുഷോത്തമനെ നാഗാലന്‍ഡിലേക്ക് മാറ്റിയതിനുപകരമായാണ് കമലയെ മിസോറാം ഗവര്‍ണറാക്കിയത്. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് വക്കം പുരുഷോത്തമന്‍ രാജിവെക്കുകയും ചെയ്തിരുന്നു.