ഗാസയില്‍ കൂട്ടക്കുരുതി; വൈദ്യുതി, റേഡിയോ നിലയങ്ങളും തകര്‍ത്തു

യുഎന്നിന്റെയും രാജ്യാന്തര സമൂഹത്തിന്റെയും അഭ്യര്‍ഥന നിരാകരിച്ചുകൊണ്ട് ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍, ഗാസയിലെ 18 ലക്ഷത്തോളം വരുന്ന പലസ്തീന്‍ ജനതയുടെ ജീവനാഡിയെന്നു വിശേഷിപ്പിക്കാവുന്ന വൈദ്യുതി നിലയം പീരങ്കിയാക്രമണത്തില്‍ തകര്‍ത്തു. ചെറിയ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച കര, നാവിക, വ്യോമാക്രമണം ഈദ് ദിനത്തില്‍ ഗാസയെ കുരുതിക്കളമാക്കി.

തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി കൊല്ലപ്പെട്ട നൂറു പേരില്‍ മൈതാനത്തു കളിക്കുകയായിരുന്ന ഒന്‍പത് പലസ്തീന്‍ അഭയാര്‍ഥി കുട്ടികളും 10 ഇസ്രയേല്‍ സൈനികരും ഉള്‍പ്പെടുന്നു. ഈ മാസം ഏഴിന് ഏറ്റുമുട്ടല്‍ തുടങ്ങിയശേഷം കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം ഇതോടെ 1100 കടന്നു. ഇവരില്‍ 251 പേര്‍ കുട്ടികളാണ്.
മരണസംഖ്യ ഏറിയതോടെ 24 മണിക്കൂറെങ്കിലും വെടിനിര്‍ത്തണമെന്ന പലസ്തീന്‍ അതോറിറ്റിയുടെ നിര്‍ദേശം ഹമാസ് സ്വീകരിച്ചുവെന്ന വാര്‍ത്ത അവരുടെ വക്താവ് നിഷേധിച്ചു.

ഗാസയില്‍ നിന്നു തുരങ്കത്തിലൂടെ നുഴഞ്ഞുകയറിയ ഹമാസ് പോരാളികള്‍ അഞ്ച് സൈനികരെ വധിച്ചതോടെയാണ് ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. ടാങ്കുകളും മിസൈലുകളും ഉപയോഗിച്ച് അറുപതിലേറെ തവണ നടത്തിയ പ്രഹരം ഗാസ നിവാസികളുടെ പെരുന്നാള്‍ രാവിനെ ഭയാനകമാക്കി. മൂന്നില്‍ രണ്ടു ഭാഗം ജനങ്ങള്‍ക്കും വൈദ്യുതി എത്തിക്കുന്ന ഡീസല്‍ നിലയത്തിലെ 30 ലക്ഷത്തോളം ലീറ്റര്‍ ഇന്ധനം സൂക്ഷിച്ചിരുന്ന ടാങ്കുകളും ജനറേറ്ററും പീരങ്കി ഷെല്ലുകള്‍ പതിച്ച് അഗ്നിഗോളമായി. ഇവിടെ ഉല്‍പാദനം പുനരാരംഭിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നു വിതരണത്തിന്റെ ചുമതലയുള്ള എന്‍ജിനീയറും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിയുമായ നദാല്‍ ടോമന്‍ അറിയിച്ചു.

ഹമാസ് നേതാവും പലസ്തീനിലെ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മായില്‍ ഹനിയയുടെ വീടും വ്യോമാക്രമണത്തില്‍ തകര്‍ന്നെങ്കിലും കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള അല്‍ അക്‌സ ടിവി – റേഡിയോ നിലയങ്ങളും ആക്രമിക്കപ്പെട്ടു. ആക്രമണശേഷവും ടിവി സംപ്രേഷണം തുടരുന്നുണ്ടെങ്കിലും റേഡിയോ നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു.

അല്‍-ശതി അഭയാര്‍ഥി ക്യാംപിനു സമീപം മൈതാനത്തു കളിക്കുകയായിരുന്ന ഒന്‍പതു പലസ്തീന്‍ കുട്ടികളുടെമേല്‍ പതിച്ചതു ഹമാസിന്റെ തന്നെ ലക്ഷ്യം തെറ്റിയ റോക്കറ്റുകളാണെന്ന് ഇസ്രയേല്‍ ആരോപിച്ചെങ്കിലും അങ്ങനെയല്ലെന്നു സ്വതന്ത്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

ആക്രമണം അവസാനിപ്പിച്ചു ചര്‍ച്ചയ്ക്കു തയാറാകാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഹമാസ് റോക്കറ്റ് ആക്രമണം അവസാനിപ്പിക്കാതെ സൈനിക നടപടി നിര്‍ത്തില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഈ ആക്രമണങ്ങള്‍ക്കൊന്നും പലസ്തീന്‍ ജനതയുടെ മനോവീര്യം കെടുത്താന്‍ കഴിയില്ലെന്നു ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ പറഞ്ഞു. പലസ്തീന്‍ ജനതയെ ചെന്നായ്ക്കളെപ്പോലെ കടന്നാക്രമിക്കുന്ന ഇസ്രയേലിനെ നിലയ്ക്കുനിര്‍ത്താന്‍ രംഗത്തിറങ്ങണമെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ആഹ്വാനം ചെയ്തു.

ഇതേസമയം, സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വഴികളെക്കുറിച്ചു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടനിലെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, അംഗല മെര്‍ക്കല്‍ (ജര്‍മനി), ഫ്രാന്‍സ്വ ഒലോന്‍ദ് (ഫ്രാന്‍സ്), മാറ്റെയോ റെന്‍സി (ഇറ്റലി) എന്നിവര്‍ ആശയവിനിമയം നടത്തി.