ഗാസയില്‍ മരണം ആയിരം കവിഞ്ഞു

ഗാസയില്‍ 18 ദിവസമായി ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 828 ആയി. വെടിനിര്‍ത്തലിനായുള്ള ശ്രമം തുടരുകയാണെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഈജിപ്തിലുള്ള യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, വെടിനിര്‍ത്തലിനു കളമൊരുക്കാനായി ഇരുപക്ഷവുമായും അയല്‍രാജ്യങ്ങളിലെ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ല.

ഇതിനിടെ, പലസ്തീന്‍ പ്രദേശമായ വെസ്റ്റ്ബാങ്കില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 200 പേര്‍ക്കു പരുക്കുണ്ട്. പതിനായിരത്തിലേറെ വരുന്ന പ്രതിഷേധക്കാര്‍ സൈനിക ക്യാംപിനു നേരെ കല്ലെറിഞ്ഞപ്പോഴാണു വെടിവയ്പു നടത്തിയതെന്ന് ഇസ്രയേല്‍ അറിയിച്ചു. റമസാനിലെ അവസാന വെള്ളിയാഴ്ചയായ പലസ്തീന്റെ വിവിധ ഭാഗങ്ങളിലും ലോകമൊന്നടങ്കവും ഇസ്രയേലിനെതിരെ പ്രതിഷേധ പ്രകടനങ്ങളും ഗാസ – പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളും നടന്നു. റമല്ല, ബത്‌ലഹേം, ജറുസലം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ജറുസലമില്‍ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രയേല്‍ അര്‍ധസൈനിക വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണമുണ്ടായിരുന്നു.

വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ ഹമാസും ഇസ്രയേലും മുന്നോട്ടുവയ്ക്കുന്ന ഉപാധികളില്‍ തട്ടിയാണു വഴിമുട്ടിയത്. പെരുന്നാളിനോടു ചേര്‍ന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായിരുന്നു മധ്യസ്ഥശ്രമങ്ങള്‍. എന്നാല്‍ വടക്കന്‍ ഗാസയില്‍ പലസ്തീന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതോടെ അനുരഞ്ജന ചര്‍ച്ചകളുടെ വേഗം കുറഞ്ഞു. യുഎന്നിനു കീഴിലുള്ള ഈ അഭയാര്‍ഥി ക്യാംപിനു നേരെ കനത്ത ഷെല്ലിങ്ങാണു നടന്നത്. എന്നാല്‍, ഈ മേഖലയില്‍ ഹമാസ് ഒളിപ്പോരു നടത്തുകയായിരുന്നുവെന്നും തങ്ങള്‍ തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് ഇസ്രയേല്‍ വാദം.

ഇസ്രയേല്‍ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം 27 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇസ്‌ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവ് സലാഹ് ഹസനെയ്‌നും രണ്ടു മക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
താല്‍ക്കാലികമായ വെടിനിര്‍ത്തല്‍ ചര്‍ച്ചചെയ്യുന്നതിനായി ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റ് ഇന്നലെ യോഗം ചേര്‍ന്നു. ഏഴു ദിവസത്തേക്കു വെടിനിര്‍ത്താമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതു തുര്‍ക്കിയും ഖത്തറുമാണെന്നു പലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ജോണ്‍ കെറി ഇത് ഇസ്രയേലിനെ അറിയിച്ചു. എന്നാല്‍ ഹമാസിന്റെ പ്രതികരണം അറിഞ്ഞശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ഇസ്രയേല്‍ പ്രതികരിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാലും അതിര്‍ത്തിയില്‍ ഹമാസ് ഉണ്ടാക്കിയിട്ടുള്ള തുരങ്കങ്ങള്‍ തകര്‍ക്കുന്നതു തുടരുമെന്നാണ് ഇസ്രയേല്‍ നിലപാട്. ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കാനും മുറിവേറ്റവരെ ചികില്‍സയ്ക്കായി കൊണ്ടുപോകുന്നതിനും പ്രത്യേക ഇടനാഴി വേണമെന്നു ലോകാരോഗ്യ സംഘടന ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.