ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മൂന്നു സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാംദിനം ഇന്ത്യയ്ക്ക് ഗുസ്തിയില്‍ മൂന്നു സ്വര്‍ണം. ഷൂട്ടിംഗില്‍ നാല് മെഡലുകളും സ്വന്തമാക്കിയ ഇന്ത്യ ഇപ്പോള്‍ 10 സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവുമായി അഞ്ചാം സ്ഥാനത്താണ്. 32 സ്വര്‍ണവുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. 29 സ്വര്‍ണമുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 13 സ്വര്‍ണമുള്ള ആതിഥേയരായ സ്കോട്ട്‌ലാന്‍ഡ് മൂന്നാമതുമാണ്. 11 സ്വര്‍ണമുള്ള കാനഡയാണ് നാലാം സ്ഥാനത്ത്. ഷൂട്ടിംഗിലും ഗുസ്തിയിലും തിളങ്ങിയ ഇന്ത്യ പക്ഷെ ഹോക്കിയില്‍ ഓസ്ട്രേലിയയോട് 2-4ന് തോറ്റു.

ഗുസ്തിയില്‍ സുശീല്‍കുമാര്‍ ഉളപ്പടെയാണ് ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയത്. 74 കിലോ ഫ്രീ സ്‌റ്റൈലില്‍ സുശീല്‍ കുമാര്‍ പാക് താരം ഖമര്‍ അബ്ബാസിനെ മലര്‍ത്തി അടിച്ചാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 107 സെക്കന്‍ഡ് കൊണ്ടാണ് സുശീല്‍ വിജയം നേടിയത്. 57 കിലോ ഫ്രീ സ്‌റ്റൈലില്‍ അമിത് കുമാര്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി. നൈജീരിയയുടെ എബിക്വേ മീനോമയെ ആണ് ഫൈനലില്‍ അമിത് തോല്‍പ്പിച്ചത്. സ്കോര്‍ 6-2. ഇന്ത്യന്‍ ഗുസ്തി സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അമിത്. വനിതാഗുസ്തി 48 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ വിനേഷും സ്വര്‍ണം നേടി. ഇംഗ്ലണ്ടിന്റെ യാന റെട്ടിഗനെയാണ് വിനേഷ് തോല്‍പ്പിച്ചത്. 11-8 എന്ന സ്കോറിനായിരുന്നു വിനേഷിന്റെ വിജയം.