ചരിത്രം തിരുത്തി ബിജെപി; തിരിച്ചടിയില്‍ തളര്‍ന്ന് കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും

result day8

നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയാകും. മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ 340 സീറ്റുകള്‍ നേടി. ബിജെപി കേവല ഭൂരിപക്ഷവും നേടി. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ബിജെപി തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസിന് അന്പത് സീറ്റു പോലും കിട്ടിയില്ല. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയപ്പോള്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയും ഒഢീഷയില്‍ ബിജു ജനതാദളും മോദിയുടെ മുന്നേറ്റം പ്രതിരോധിച്ചു.

1984ന് ശേഷം ഇത് ആദ്യമായി ഒരു പാര്‍ടി ഇന്ത്യില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുന്നുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത. ബി.ജെ.പി ഒറ്റയ്ക്ക് 272 എന്ന മാന്ത്രിക സംഖ്യകടന്നു. ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വമാണ് ഹിന്ദി ഹൃദയഭൂമിയിലെ എല്ലാ സംസ്ഥാനങ്ങളിലും നരേന്ദ്ര മോദി തംരംഗം ആഞ്ഞുവീശിയപ്പോള്‍ ഉത്തര്‍പ്രദേശും ബീഹാറും ഏതാണ്ട് പൂര്‍ണമായി കാവിയണിഞ്ഞു. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റില്‍ 71 ഇടത്ത് ബി.ജെ.പി സഖ്യം വിജയിച്ചു. മുലായംസിംഗ് യാദവ് ഏഴ് സീറ്റുകളുമായി പിടിച്ചുനിന്നു.

റായ്ബറേലിയിലും അമേഠിയിലും മാത്രം കോഗ്രസിന് വിജയിക്കാനായി. റായ്ബറേലിയില്‍ സോണിയാഗാന്ധി അനായാസ വിജയം നേടിയപ്പോള്‍ അമേഠിയില്‍ ആദ്യം പിന്നില്‍ നിന്ന ശേഷമാണ് രാഹുല്‍ഗാന്ധി എതിര്‍ സ്ഥാനാനാര്‍ത്ഥിയായ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ ഒരു സീറ്റുപോലും നേടാന്‍ മായാവതിയുടെ ബി.എസ്.പിക്ക് ആയില്ല. വാരാണസിയില്‍ രണ്ടരലക്ഷം വോട്ടിന്റയും വഡോദരയില്‍ അഞ്ചര ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോദി വിജയിച്ചു.

വാരാണസിയില്‍ അരവിന്ദ് കെജ്രിവാളാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ബിഹാറില്‍ ബിജെപി എല്‍ജെപി സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് പോയി. 50 സീറ്റുകള്‍ പോലും നേടാന്‍ കോണ്‍ഗ്രസിനായില്ല. തമിഴ്‌നാട്ടില്‍ സീറ്റുകള്‍ തൂത്തുവാരിയ അണ്ണാ ഡിഎംകെ ലോക്‌സഭയില്‍ കോണ്‍ഗ്രസിനു തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തെത്തി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നേടി. ഇടതുപക്ഷത്തിന് ഒറ്റ സീറ്റ് മാത്രമാണ് പശ്ചിമ ബംഗാളില്‍ നേടാനായത്.

രാജസ്ഥാനിലും ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരി. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തി. എല്ലാ സീറ്റുകളിലും ബിജെപി വിജയിച്ചു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥും മാത്രം പിടിച്ചു നിന്നു. ഭൂരിപക്ഷം കേന്ദ്ര മന്ത്രിമാരും തോറ്റു. അമൃത്സറില്‍ അരുണ്‍ ജയ്റ്റ്‌ലി പരാജയപ്പെട്ടത് മാത്രമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. എന്നാല്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമാ സ്വരാജ്, രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളൊക്കെ വിജയിച്ചു. ജയലളിതയ്ക്കും മമത ബാനര്‍ജിക്കും നവീന്‍ പട്‌നായിക്കിനും മാത്രമാണ് മോദി മുന്നേറ്റത്തെ പ്രതിരോധിക്കാനായത്.

ബി.ജെ.പിയുടെ വോട്ടുവിഹിതത്തില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി സഖ്യം പിടിച്ചുനിന്നപ്പോള്‍ നാല് സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ടി ഇവിടെ കരുത്ത് കാട്ടി. രാഷ്ട്രീയ ലോക്ദള്‍ അദ്ധ്യക്ഷന്‍ അജിത് സിംഗും മകനും ഉത്തര്‍പ്രദേശില്‍ തോല്‍വി ഏറ്റുവാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശില്‍ ടി.ഡി.പിയും തെലങ്കാനയില്‍ ടി.ആര്‍.എസും അധികാരത്തിലേക്ക് നീങ്ങുകയാണ്. ഒഡീഷയില്‍ നാലാംവട്ടവും നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close