ചരിത്രതോല്‍വി; യുണൈറ്റഡ് നാണംകെട്ടു

എണ്ണമറ്റ കിരീടങ്ങള്‍ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ചരിത്രം കുറിച്ച തോല്‍വിയും. ഇംഗ്ലീഷ് ലീഗ് കപ്പില്‍ മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ യുണൈറ്റഡ് മൂന്നാം ഡിവിഷന്‍ ടീമായ മില്‍ട്ടണ്‍ കീന്‍സ് ഡോണ്‍സിനോട് തോറ്റത് മടക്കമില്ലാത്ത നാലു ഗോളിന്. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വികളില്‍ ഒന്നാണ് ലൂയി വാന്‍ ഗാല്‍ എന്ന സൂപ്പര്‍ കോച്ചിന്റെ ടീം ഏറ്റുവാങ്ങിയത്. പകുതി സമയത്ത് ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുകയായിരുന്നു യുണൈറ്റഡ്. ബ്രെന്റ്‌ഫോര്‍ഡില്‍ നിന്ന് വായ്പാതാരമായി എത്തിയ സ്‌ട്രൈക്കര്‍ വില്‍ ഗ്രിഗും ആഴ്‌സനലില്‍ നിന്നു വന്ന വായ്പാതാരം ബെനിക് അഫോബെയും രണ്ടു ഗോള്‍ വീതം നേടി.

പത്തൊന്‍പത് വര്‍ഷത്തിനുശേഷമാണ് യുണൈറ്റഡ് ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിക്കാതെ പുറത്താകുന്നത്. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളാണ് യുണൈറ്റഡ്.

മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശംവച്ചത് യുണൈറ്റഡായിരുന്നെങ്കിലും എഴുപതാം മിനിറ്റ് വരെ അപകടകരമായ ഒരൊറ്റ നീക്കം നടത്താനൊ ഗോളിലേയ്ക്ക് ഒന്ന് നിറയൊഴിക്കാനോ വാന്‍ഗാലിന്റെ ടീമിനു കഴിഞ്ഞില്ല.

പ്രീമിയര്‍ലീഗില്‍ ആദ്യ മത്സരത്തില്‍ സ്വാന്‍സിയോട് തോറ്റ യുണൈറ്റഡ് രണ്ടാം മത്സരത്തില്‍ സണ്ടര്‍ലന്‍ഡിനോട് സമനിലയും വഴങ്ങുകയായിരുന്നു.

മറ്റു മത്സരങ്ങളില്‍ ബോണ്‍മൗത്ത് നോര്‍ത്താംപ്ടണെയും (3-0) ഫുള്‍ഹാം ബ്രെന്റ്‌ഫോര്‍ഡിനെയും (1-0) ബോള്‍ട്ടണ്‍ ക്രീവിയെയും (3-2) ന്യൂകാസില്‍ ഗില്ലിഗാമിനെയും (1-0) സൗത്താംപ്ടണ്‍ മില്‍വാളിനെയും (2-0) സ്വാന്‍സി റോത്തര്‍ഹാമിനെയും (1-0) തോല്‍പിച്ചു.