ചലച്ചിത്ര താരം ജഗന്നാഥ വർമ്മ അന്തരിച്ചു

പ്രശസ്ത മലയാള സിനിമാതാരം ജഗന്നാഥ വര്‍മ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു ജഗന്നാഥ വര്‍മ്മ. നിരവധി മലയാള സിനിമ സീരിയൽ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നില ഗുരുതരമായി തുടരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. 1978 ല്‍ എ. ഭീം സിങ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മാറ്റൊലിക്ക് ശേഷം 1979 ല്‍ നക്ഷത്രങ്ങളേ സാക്ഷി,1980 ല്‍ അന്തഃപ്പുരം, 1984 ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987 ല്‍ ന്യൂഡെല്‍ഹി തുടങ്ങി 2012 ല്‍ പുറത്തിറങ്ങിയ ഡോള്‍സ് വരെ 108 ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്.