ചെറിയ പെരുന്നാള്‍ ഇന്ന്

ഒരുമാസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ രാപകലുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക്  പെരുന്നാള്‍ മധുരം. പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും മൈലാഞ്ചിമൊഞ്ചുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

തിങ്കളാഴ്ച രാത്രിയോടെ നാടും നഗരവും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായിരുന്നു. അരുതായ്മകളില്‍നിന്ന് മനസ്സും ശരീരവും അടര്‍ത്തിയെടുത്തതിന്റെ നിര്‍വൃതിയിലാണ് വിശ്വാസികള്‍.

പള്ളികളും വീടുകളും കേന്ദ്രീകരിച്ചുള്ള ഫിത്തര്‍ സക്കാത്ത് വിതരണം നടന്നുവരുന്നുണ്ട്. പെരുന്നാള്‍ദിനത്തില്‍ ലോകത്ത് ഒരാള്‍പോലും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് ഫിത്തര്‍ സക്കാത്തിന്റെ താത്പര്യം. ഒപ്പം, നോമ്പുകാരന്റെ വീഴ്ചകള്‍ക്കുള്ള പരിഹാരം കൂടിയാണത്. പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ ചൊവ്വാഴ്ച രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒരുമിച്ചുകൂടും.
നന്മകളാല്‍ സ്ഫുടംചെയ്‌തെടുത്ത മനസ്സുമായി മറ്റൊരു പെരുന്നാളിനുകൂടി സാക്ഷിയാകുന്നതിന്റെ ആത്മഹര്‍ഷമുണ്ടെങ്കിലും വിശ്വാസികളുടെ മനസ്സില്‍ നൊമ്പരമായി ഗാസയുണ്ട്. ഇസ്രായേല്‍ ഭീകരതയില്‍ പിടഞ്ഞുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷങ്ങളില്‍ മിതത്വം പാലിക്കാന്‍ ഒട്ടേറെ മുസ്ലിം കൂട്ടായ്മകള്‍ ആഹ്വാനംചെയ്തിട്ടുണ്ട്.

എല്ലാ വായനക്കാര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.