ചെറിയ പെരുന്നാള്‍ നാളെ

ഒരുമാസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ രാപകലുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക് ചൊവ്വാഴ്ച പെരുന്നാള്‍ മധുരം. പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും മൈലാഞ്ചിമൊഞ്ചുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
കേരളത്തില്‍ ഒരിടത്തും ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ ചൊവ്വാഴ്ചയായിരിക്കും ഈദുല്‍ ഫിത്തറെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ഖാസിമാര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയോടെ നാടും നഗരവും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാകും. അരുതായ്മകളില്‍നിന്ന് മനസ്സും ശരീരവും അടര്‍ത്തിയെടുത്തതിന്റെ നിര്‍വൃതിയിലാണ് വിശ്വാസികള്‍ ഈദുല്‍ഫിത്തറിനെ വരവേല്‍ക്കുക.

പള്ളികളും വീടുകളും കേന്ദ്രീകരിച്ചുള്ള ഫിത്തര്‍ സക്കാത്ത് വിതരണം നടന്നുവരുന്നുണ്ട്. പെരുന്നാള്‍ദിനത്തില്‍ ലോകത്ത് ഒരാള്‍പോലും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് ഫിത്തര്‍ സക്കാത്തിന്റെ താത്പര്യം. ഒപ്പം, നോമ്പുകാരന്റെ വീഴ്ചകള്‍ക്കുള്ള പരിഹാരം കൂടിയാണത്. പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ ചൊവ്വാഴ്ച രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒരുമിച്ചുകൂടും.
നന്മകളാല്‍ സ്ഫുടംചെയ്‌തെടുത്ത മനസ്സുമായി മറ്റൊരു പെരുന്നാളിനുകൂടി സാക്ഷിയാകുന്നതിന്റെ ആത്മഹര്‍ഷമുണ്ടെങ്കിലും വിശ്വാസികളുടെ മനസ്സില്‍ നൊമ്പരമായി ഗാസയുണ്ട്. ഇസ്രായേല്‍ ഭീകരതയില്‍ പിടഞ്ഞുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷങ്ങളില്‍ മിതത്വം പാലിക്കാന്‍ ഒട്ടേറെ മുസ്ലിം കൂട്ടായ്മകള്‍ ആഹ്വാനംചെയ്തിട്ടുണ്ട്.

ഞായറാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം യൂസഫ് മുഹമ്മദ് നദ്വി, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം. മുഹമ്മദ് മദനി, കെ.വി. ഇമ്പിച്ചമ്മദ് ഹാജി, കടക്കല്‍ അബ്ദുല്‍അസീസ് മൗലവി, എ. അബ്ദുല്‍ഹമീദ് മദീനി തുടങ്ങിയവരും അറിയിച്ചു.