ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യ-ജപ്പാന്‍ പ്രതിരോധ കരാര്‍

ചൈനക്ക് ശക്തമായ സന്ദേശം നല്‍കി ഇന്ത്യയും ജപ്പാനും തമ്മില്‍ ആദ്യമായി പ്രതിരോധ സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവെക്കാനൊരുങ്ങുന്നു. അടുത്തമാസം നിശ്ചയിച്ച നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയിലാണ് കരാറില്‍ ഒപ്പുവെക്കുക. കരാറിന് കേന്ദ്രമന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. പരമ്പരാഗത സഹകരണ സമവാക്യങ്ങള്‍ തെറ്റിച്ചാണ് ജപ്പാന്‍ പ്രതിരോധരംഗത്ത് ഇന്ത്യയുമായി കൈകോര്‍ക്കുന്നത്. അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളുമായി മാത്രമായിരുന്നു ഇതുവരെ ജപ്പാന്റെ സഹകരണം. ആയുധങ്ങള്‍ വാങ്ങുന്നതിനടക്കം വ്യവസ്ഥയുള്ള ധാരണാപത്രത്തിലാണ് നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവയ്ക്കുക. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ഏബയുടെ കഴിഞ്ഞ ടേമില്‍ തന്നെ ഇന്ത്യയുമായി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവിലാണ് കരാറിന് അന്തിമ രൂപം കൈവന്നത്. സംയുക്ത സൈനിക അഭ്യാസവും കരാറില്‍ ഇടംനേടും. ജപ്പാനുമായി ചേര്‍ന്നുള്ള കര-വ്യോമ അഭ്യാസങ്ങള്‍ ചൈനയെ പ്രകോപിപ്പിക്കുമെന്നതിനാല്‍ ഇന്ത്യ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അടുത്തയാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്രതിരോധ മേഖലയ്ക്ക് കരുത്തേകാന്‍ പരമ്പരാഗത കക്ഷികള്‍ക്കുപുറമെ മറ്റ് പ്രധാന രാഷ്ട്രങ്ങളുമായും ധാരണയിലെത്താന്‍ ജൂലൈയില്‍ ജപ്പാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സെന്‍കാകു ദ്വീപിനെച്ചൊല്ലി ചൈനയുമായുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്. അമേരിക്കയെക്കൂടി ഉള്‍പ്പെടുത്തി വിവിധ രാഷ്ട്രങ്ങളുമായുള്ള ത്രികക്ഷി ചര്‍ച്ചകള്‍ സമീപ വര്‍ഷങ്ങളില്‍ ജപ്പാന്‍ ആരംഭിച്ചിരുന്നു. അതേസമയം, മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്റ് നയതന്ത്രചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്.