ജര്‍മനി രാജാക്കന്‍മാര്‍

gernani

മാരക്കാനയുടെ മാനത്ത് നീലാകാശം ഇരുണ്ടു. ക്രൈസ്റ്റ് റെഡീമറിന് നേരെ തലയുയര്‍ത്താനാവാതെ ദൈവപുത്രന്‍ തലതാഴ്ത്തി. ഇരമ്പിയാര്‍ത്ത നീലക്കടലിനെ നിശബ്ദമാക്കി ജര്‍മനി നാലാം ലോകകിരീടം ഉയര്‍ത്തി. 113ാം മിനുട്ടില്‍ മരിയോ ഗോടിസെ നേടിയ ഏക ഗോളിന് ജര്‍മനിയ്ക്ക് ജയം. ഇനി ലോകഫുട്ബോളിന് പുതിയ രാജാക്കന്മാര്‍, 24 വര്‍ഷം മുമ്പേറ്റ പരാജയത്തിന് കണക്ക് ചോദിക്കാനിറങ്ങിയ അര്‍ജന്റീന ഒരിക്കല്‍ കൂടി ദുരന്തം ഏറ്റുവാങ്ങി. അമേരിക്കന്‍ മണ്ണില്‍ യൂറോപ്യന്‍മാര്‍ വാഴില്ലെന്ന ചരിത്രം ഇനി പഴങ്കഥ. ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടത്തിന് ചേര്‍ന്ന എല്ലാ ചേരുവകളും ചേര്‍ന്നതായിരുന്നു മത്സരം. കിക്കോഫ് മുതല്‍ ജര്‍മനിയും അര്‍ജന്റിനയും ആക്രമിച്ചു
കയറിയപ്പോള്‍ ഇരു ഗോള്‍മുഖത്തും നിരന്തരം പന്തെത്തി. പന്തില്‍ ആധിപത്യം ജര്‍മനിയ്ക്കായിരുന്നെങ്കിലും തുറന്ന ഗോളവസരങ്ങള്‍ ലഭിച്ചത് അര്‍ജന്റീനയ്ക്കാണ്. ഗോളെന്നുറച്ച നാല് അവസരങ്ങളാണ് ഫിനിഷിംഗിലെ പോരായ്മ മൂലം അകന്ന് പോയത്. മുന്നേറ്റ നിരയില്‍ നന്നായി കളിച്ച ഹിഗ്വെയ്ന്‍ തന്നെയായിരുന്നു അവസരങ്ങള്‍ പാഴാക്കുന്നതിലും കേമന്‍. ലിയൊണല്‍ മെസിയും ഹിഗ്വെയ്ന് പകരമെത്തിയ പലേസിയോയും അക്കാര്യത്തില്‍ മോശമാക്കിയില്ല. അധികസമയത്ത് ലഭിച്ച രണ്ട് അവസരങ്ങള്‍ പലേസിയോ പാഴാക്കി. 30ാം മിനുട്ടില്‍ ഹിഗ്വെയ്ന്‍ വല ചലിപ്പിച്ചപ്പോഴാകട്ടെ റഫറിയുടെ ഓഫ്സൈഡ് വിസിലും ഉയര്‍ന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ മെസിയ്ക്കും കഴിഞ്ഞില്ല മറുവശത്ത് ക്ലോസെയും മുള്ളറും അര്‍ജന്റീനന്‍ ഗോള്‍ മുഖത്ത് അലഞ്ഞ്
നടന്നെങ്കിലും ഇരുവരെയും ബോക്സിലേക്ക് കയറാന്‍ പ്രതിരോധം അനുവദിച്ചില്ല. മുള്ളറുടെ വേഗത്തിനൊപ്പം കുതിയ്ക്കാന്‍ ക്ലോസെയ്ക്ക് കഴിയാത്തതും ജര്‍മനിയുടെ നീക്കങ്ങളുടെ മുനയൊടിച്ചു. എന്നാല്‍ 88ാം മിനുട്ടില്‍ ക്ലോസെയെ മാറ്റി ഗോട്സെയെ ഇറക്കാനുള്ള ജ്വാകിം ലോയുടെ തന്ത്രം ഫലിച്ചു. മുള്ളര്‍ക്കും ഓസിലിനുമൊപ്പം കാമറിന് പകരമിറങ്ങിയ ഷൂര്‍ലെയും ഗോട്സെയും ചേര്‍ന്നതോടെ അര്‍ജന്റീനന്‍ പ്രതിരോധത്തിന് പണി കൂടി. മെസിയ്ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിയാതിരിക്കുക കൂടി ചെയ്തതോടെ മത്സരത്തിന്റെ
നിയന്ത്രണം ജര്‍മനി ഏറ്റെടുക്കാന്‍ തുടങ്ങി. അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ ഷൂര്‍ലെ നല്‍കിയ പാസില്‍ നിന്നാണ്
ഗോട്സെയുടെ ഗോള്‍ പിറന്നത്. പന്ത് നെഞ്ചില്‍ സ്വീകരിച്ച ഗോട്സെ ഒന്നാന്തരം വോളിയിലൂടെ റൊമീറോയെ കാഴ്ചക്കാരനാക്കി. കളി തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചതോടെ വീണ്ടും പ്രതീക്ഷ ഉയര്‍ന്നു. ഇറാനെതിരെ അവതരിച്ചത് പോലെ മിശിഹ രക്ഷകനാകുമെന്ന് ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ കിരീടം പോലെ ആ കിക്കും അകലങ്ങളിലേക്ക് പാഞ്ഞു.
നാലാം ലോകകിരീട നേട്ടത്തോടെ ജര്‍മനി ഇറ്റലിക്കൊപ്പം ബ്രസീലിന് തൊട്ടു പിന്നിലെത്തി.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close