ജലസംരക്ഷണപദ്ധതികളിൽ രാഷ്ട്രം പ്രത്യേകശ്രദ്ധ വയ്ക്കണം: പ്രധാനമന്ത്രി

ജലസംരക്ഷണം, കാർഷികവികസനം തുടങ്ങിയ വിഷയങ്ങളിലൂന്നിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്തൊൻപതാമത് ‘മൻ കി ബാത്‘ ആൾ ഇന്ത്യ റേഡിയോ സം‌പ്രേക്ഷണം ചെയ്തു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന അന്തരീക്ഷതാപനിലയെയും ജലലഭ്യതയെയും കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ജലസംരക്ഷണപദ്ധതികൾക്ക് രാഷ്ട്രം പ്രത്യേകപരിഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ജലസംരക്ഷണവിഷയത്തിൽ പുതിയ സമീപനം സ്വീകരിക്കാൻ നാം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദ്‌നഗറിലെ ഒരു ഗ്രാമത്തിൽ, കൃഷിരീതി പരിഷ്ക്കരിച്ചതിലൂടെ അധികം ജലോപയോഗമില്ലാതെ തന്നെ കൃഷി വിജയമാക്കിയ കർഷകരേക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ശുദ്ധജലമെന്നാൽ നല്ല ആരോഗ്യമെന്നാണർത്ഥമെന്നും, അത് ആരോഗ്യകരമായ സാമ്പത്തിക സുരക്ഷയിലേക്കുളള   വഴിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗ്രാമങ്ങളിൽ മഴവെള്ളസംഭരണത്തിന്റെ അത്യാവശ്യകതയുണ്ടെന്നും, അതു പ്രോത്സാഹിപ്പിക്കുന്നതിനായി പ്രചാരണപരിപാടികൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മൺസൂണിൽ നല്ല മഴ ലഭിക്കുമെന്ന വാർത്തകൾ ആശാവഹമാണ്, എന്നാൽ അതിനെ പരമാവധി വിളയുത്പാദനത്തിനായി ഉപയോഗിക്കാനുളള   വഴികൾ നാം തിരയേണ്ടതുണ്ട്.

ഗംഗാശുചീകരണത്തിന്റെ ആവശ്യകതയേക്കുറിച്ചു സംസാരിച്ച മോദി, ഗംഗാശുചീകരണത്തിനായുളള   എല്ലാ പ്രയത്നങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടെന്നും, നാമെല്ലാം അതിൽ ഭാഗഭാക്കാവണമെന്നും ആഹ്വാനം ചെയ്തു. പഞ്ചായത്ത് രാജ് ദിവസ് ആയി രാഷ്ട്രം ആഘോഷിക്കുന്ന ഏപ്രിൽ 24 ജനാധിപത്യ മൂല്യങ്ങളെ ഗ്രാമാന്തരങ്ങളിൽ എത്തിക്കുന്നതിന് സഹായകമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.