ജാക് കാലിസ് പാഡഴിച്ചു

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച കാലിസ് ഏകദിനത്തില്‍ തുടര്‍ന്നു വരികയായിരുന്നു. എന്നാല്‍ അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതിനാലാണ് വിമരിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് കാലിന് അറിയിച്ചു. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇനി താന്‍ ഉണ്ടാകുകയില്ലെന്നും കാലിസ് പറഞ്ഞു. ട്വന്റി-20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്നും കാലിസ് വ്യക്തമാക്കിയിട്ടുണ്ട്.

13,289 റണ്‍സുമായി ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ കാലിസ് മൂന്നാമതാണ്. 45 സെഞ്ചുറികളും 58 അര്‍ധസെഞ്ചുറികളും ടെസ്റ്റില്‍ കാലിസ് സ്വന്തം പേരിലെഴുതി. റണ്‍മലയില്‍ സച്ചിന്‍(15,837), റിക്കി പോണ്ടിങ്(13,378) എന്നിവര്‍ മാത്രമാണ് ടെസ്റ്റില്‍ കാലിസിന് മുന്നിലുള്ളത്. എന്നാല്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ സമകാലീന ക്രിക്കറ്റില്‍ കാലിസിന് സമന്‍മാരില്ല. 292 ടെസ്റ്റ് വിക്കറ്റുകളാണ് കാലിസിന്റെ പേരിലുള്ളത്.

ഏകദിനത്തില്‍ 11,579 റണ്‍സും 328 വിക്കറ്റുകളും സ്വന്തം പേരിലെഴുതിയ കാലിസ് ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 25 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാലിസ് അഞ്ച് അര്‍ധസെഞ്ചുറികളടക്കം 666 റണ്‍സും നേടി. ടെസ്റ്റിലും ഏകദിനത്തിലും 10,000ത്തിലേറെ റണ്‍സ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ് കാലിസ്. കഴിഞ്ഞവര്‍ഷം ഇന്ത്യക്കെതിരെ ഡര്‍ബനിലായിരുന്നു കാലിസിന്റെ കരിയറിലെ അവസാന ടെസ്റ്റ്.

2015 ലോകകപ്പ് കളിച്ച് കളി മതിയാക്കാനിരുന്ന കാലിസ് ഏകദിനത്തിലെ മോശം ഫോമിനെത്തുടര്‍ന്ന് പൊടുന്നനെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളില്‍ 0, 1, 4 എന്നിങ്ങനെയായിരുന്നു കാലിസിന്റെ സ്കോര്‍. ശ്രീലങ്കയിലെ പ്രകടനം ലോകകപ്പ് ടീമിലിടം നേടാന്‍ പര്യാപ്തമല്ലെന്ന് കണ്ടാണ് വിരമിക്കുന്നതെന്ന് കാലിസ് തന്റെ വിടവാങ്ങല്‍ സന്ദശത്തില്‍ പറഞ്ഞു.