ടി പിയെ വിറ്റ് കാശാക്കിയത് തിരുവഞ്ചൂര്‍ : വി എസ്

Achuthanandan_jpg_1241752f12

ടി പി ചന്ദ്രശേഖരനെ വി എസ് അച്യുതാനന്ദന്‍ ഇറച്ചിവിലയ്ക്ക് വിറ്റുവെന്ന ആരോപണത്തിന് മറുപടിയുമായി വി എസ് രംഗത്തെത്തി. ടി പി ചന്ദ്രശേഖന്‍ വധം പുസ്തകമാക്കി വിറ്റ് കാശാക്കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് വി എസ് ആരോപിച്ചു.

ജീവന് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപള്ളി രാമചന്ദ്രനെയും നേരിട്ടുകണ്ട് ടി പി ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണം നല്‍കിയില്ല. കശാപ്പിന് കൂട്ടുനിന്നവരാണ് ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് വ്യസനിക്കുന്നത്.

ടി പി വധക്കേസില്‍ പാര്‍ട്ടി നടത്തിയത് രഹസ്യ അന്വേഷണമാണ്. അന്വേഷണം നടത്തിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേസില്‍ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ തനിക്ക് കഴിയില്ല. അതേക്കുറിച്ചൊക്കെ സര്‍ക്കാരിനോടാണ് ചോദിക്കേണ്ടത്.

ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച കാര്യങ്ങളെല്ലാം താന്‍ വ്യക്തമായി പറഞ്ഞുകഴിഞ്ഞു. ഇനിയും ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച് യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം അടക്കമുള്ളവ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി പി വധവുമായി ബന്ധപ്പെട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കഴിഞ്ഞ ദിവസം വി എസ്സിനെതിരെ ആരോപണം ഉന്നയിച്ചത്. ടി പി വധം അടക്കമുള്ള വിഷയങ്ങളില്‍ വി എസ് നിലപാടുമാറ്റിയത് നിലവാരമില്ലാത്ത കാര്യമായിപ്പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ടി പി ചന്ദ്രശേഖരനെ വി എസ് ഇറച്ചിവിലയ്ക്ക് വിറ്റുവെന്നും പരിഹസിച്ചിരുന്നു. അക്രമ രാഷ്ട്രീയത്തിനെതിരെ പെരിഞ്ഞനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആയിരുന്നു തിരുവഞ്ചൂരിന്റെ വിമര്‍ശം