ഡബിള്‍ ബാരലിന്റെ ഷൂട്ടിങ് തുടങ്ങി

double barron

കാഴ്ചയുടെ വിരുന്നൂട്ടിയ ആമേന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ഡബിള്‍ ബാരലിന്റെ ഷൂട്ടിങ് തുടങ്ങി. ജൂലായ് 25ന് ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്.

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം യുവതാരനിരങ്ങള്‍ കൂട്ടത്തോടെ അണിനിരക്കുന്ന ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മേല്‍വിലാസവും കൂടി ചേരുമ്പോള്‍ മലയാളത്തിലെ വലിയ പ്രതീക്ഷയുള്ള ചിത്രമാകുന്നു.

പൃഥ്വിരാജും ഫഹദ് ഫാസിലും ഇന്ദ്രജിത്തും തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുന്ന സിനിമയില്‍ ആസിഫ് അലി, സണ്ണി വെയ്ന്‍, മനു, വിജയ് ബാബു തുടങ്ങിയ യുവതാരങ്ങളെല്ലാം ചെറുതും വലുതുമായ വേഷങ്ങളിലുണ്ട്.

ഇഷ ഷെര്‍വാണിയും, സ്വാതി റെഡ്ഡിയും നായികമാരാകുന്ന സിനിമയില്‍ പാര്‍വതി മേനോന്‍, രചനനാരായണന്‍കുട്ടി എന്നിവരുമുണ്ട്. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ ടീമിന്റെ ആഗസ്ത് സിനിമിയും സംവിധായകന്റെ പ്രൊഡക്ഷന്‍ ബാനറായ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഗ്ലോ ഇന്ത്യന്‍ പശ്ചാത്തലമുള്ള അധോലോക സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഗോവയാണ്. ആമേന് ദൃശ്യചാരുത നല്‍കിയ അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് റഫീഖ് അഹമ്മദ് ഗാനങ്ങളും പ്രശാന്ത് പിള്ള സംഗീതവും ഒരുക്കുന്നു.

ഇരട്ടക്കുഴല്‍ എന്ന് മലയാളത്തിലും അടിയില്ല വെടി മാത്രം എന്നാണ് ടാഗ് ലൈന്‍.