ഡി.സി.സി.ഓഫീസിന്റെ നിര്‍മാണസാമഗ്രികള്‍ നീക്കുന്നത് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു

കൊല്ലം ഡി.സി.സി.ഓഫീസിനുവേണ്ടി നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ പരിസരത്തുനിന്ന് നിര്‍മാണസാമഗ്രികള്‍ മാറ്റുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. നിലവിലെ ഡി.സി.സി. പ്രസിഡന്റിനെ മാറ്റിയ പശ്ചാത്തലത്തില്‍ നിര്‍മാണസാമഗ്രികള്‍ നീക്കുന്നത് വിവാദമായി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. നിലവിലെ ഓഫീസിന്റെ പടിഞ്ഞാറുഭാഗത്ത് നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ താഴത്തെ നിലയുടെ ഉദ്ഘാടനം ഞായറാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ മുതല്‍ നിര്‍മാണത്തിന് ഇറക്കിയിരുന്ന കമ്പിയും മെറ്റലും ലോറികളില്‍ നീക്കം ചെയ്തുതുടങ്ങി. ഇതറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബിനോയ് ഷാനൂര്‍, എം.എം.സഞ്ജീവ്കുമാര്‍, ആശ്രാമം സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞ് മുദ്രാവാക്യം മുഴക്കി. സാധനങ്ങള്‍ കടത്തിക്കൊണ്ടുപോവുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആരോപിച്ചു. ലോറികളും രണ്ട് ജെ.സി.ബി.യും പന്ത്രണ്ടോളം തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു.

ലോറികളില്‍ നിറച്ചിരുന്ന മണലും ഹോളോ ബ്രിക്‌സും പ്രവര്‍ത്തകര്‍തന്നെ ഓഫീസ് പരിസരത്ത് തിരിച്ചിറക്കി. സ്ഥാനമൊഴിഞ്ഞ ഡി.സി.സി.പ്രസിഡന്റ് അഡ്വ. പ്രതാപവര്‍മ തമ്പാന്‍ രാവിലെ ഓഫീസിലെത്തി മടങ്ങിയിരുന്നു. ഓഫീസ് മന്ദിരോദ്ഘാടനത്തിന്റെ ഭാഗമായി പരിസരം വൃത്തിയാക്കുന്നതിന് കരാറുകാരന്‍ അധികമുള്ള മണലും മെറ്റലും മറ്റും നീക്കം ചെയ്യുകയായിരുന്നെന്ന് ഡി.സി.സി. അധികൃതര്‍ പറഞ്ഞു.

ബൂത്ത് തലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിവെടുത്താണ് മന്ദിരത്തിനുവേണ്ടി പണമുണ്ടാക്കിയതെന്നും നിര്‍മാണസാമഗ്രികള്‍ കടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മന്ദിേരാദ്ഘാടനത്തിനായി സ്റ്റേജ് പണിയാന്‍ സാധനങ്ങള്‍ കൊണ്ടുവന്ന പെട്ടി ഓട്ടോറിക്ഷയും പ്രവര്‍ത്തകര്‍ തിരിച്ചയച്ചു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. നേതാക്കളായ ഷാജന്‍, രാജീവ് പാലത്തറ, അസൈന്‍ പള്ളിമുക്ക്, അഭിലാഷ് കുരുവിള തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.