തലശ്ശേരി സബ് കളക്ടർ ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നൽകിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നൽകിയെന്ന് റിപ്പോർട്ട്. എറണാകുളം കളക്ടർ എസ് സുഹാസാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. സംവരണാനുകൂല്യത്തിനായി ആസിഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റും വിവരങ്ങളും നൽകിയാണ് ഐഎഎസ് നേടിയതെന്ന പരാതിയിന്മേലുള്ള റിപ്പോർട്ടാണ് കളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.

പരീക്ഷ എഴുതുന്നതിന് തൊട്ട് മുന്നേയുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം 6 ലക്ഷത്തിൽ താഴെയാകണമെന്നതാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ മൂന്ന് സാമ്പത്തിക വർഷത്തിലേയും ആസ്ഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം 6 ലക്ഷത്തിന് മുകളിലാണെന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആസിഫിന്റെ അച്ഛന്റേയും അമ്മയുടേയും വാർഷിക വരുമാനത്തിന്റെ കണക്കും കളക്ടർ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. വാർഷിക വരുമാനം ഒരു ലക്ഷത്തി എൺപതിനായിരം രൂപയെന്ന് ആസിഫ് പറഞ്ഞ വർഷം 21 ലക്ഷത്തിന് മുകളിലാണ് വരുമാനം. 2013-2014 സാമ്പത്തിക വർഷത്തിൽ 23 ലക്ഷത്തിന് മുകളിലും 2014-2015 സാമ്പത്തിക വർഷത്തിൽ 28 ലക്ഷത്തിന് മുകളിലുമാണ് ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം.

കേന്ദ്ര പെഴ്സണൽ മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് അഞ്ച് മാസത്തോളമായിട്ടും കളക്ടർ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോർട്ട് ഉടൻ തന്നെ കേന്ദ്ര പെഴ്സണൽ മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമാകും ആസിഫിനെതിരെയുള്ള തുടർ നടപടികളിൽ തീരുമാനമുണ്ടാകുക.

 

Show More

Related Articles

Close
Close