തെറ്റ് കണ്ടാല്‍ മുഖം നോക്കാതെ വിമര്‍ശിക്കും- വി.എം. സുധീരന്‍

പിന്നില്‍ നിന്ന് കുത്തുന്ന ശീലം തനിക്കില്ലെന്നും തെറ്റ് കണ്ടാല്‍ മുഖം നോക്കാതെ പറയുന്നതാണ് തന്റെ ശൈലിയെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. തെറ്റ് കണ്ടാല്‍ ഇനിയും പറയും. എ.ജി.യെ വിമര്‍ശിക്കുന്നത് സര്‍ക്കാറിനുള്ള വിമര്‍ശമല്ല. സര്‍ക്കാര്‍ നല്ലവഴിക്ക് പോകണം.

ചതുര്‍നക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍േദശം സംബന്ധിച്ചാണ് താന്‍ അഭിപ്രായം പറഞ്ഞത്. 2013നു ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കേ ലൈസന്‍സ് നല്‍കൂവെന്നത് സര്‍ക്കാറിന്റെ നയമാണ് ഇത് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ എ.ജി. വീഴ്ച വരുത്തി. അതാണ് താന്‍ പരസ്യമായി ചൂണ്ടിക്കാട്ടിയത്. ഇത് തെറ്റാണെന്ന് തോന്നുന്നില്ല. സര്‍ക്കാറിന്റെ നയങ്ങള്‍ പരാജയപ്പെടുത്തുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് മംഗളം പാടുകയെന്നത് കെ. പി.സി.സി.യുടെ നയമല്ല്‌ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തിട്ടില്ല. സര്‍ക്കാറിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ താന്‍ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്ന ഒരാളല്ല താന്‍. തന്നെ ആരെങ്കിലും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി തോന്നുന്നില്ല. തന്റെ പ്രസംഗം ശ്രദ്ധിക്കാത്തവരാണ് സര്‍ക്കാറിനെ വിമര്‍ശിച്ചെന്ന് ആരോപിക്കുന്നത്- അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയവര്‍ പാര്‍ട്ടിയിലെ പ്രധാനികളാണെന്നും ഹൈക്കമാന്‍ഡിന്റെ അതൃപ്തി ഭാവനാസൃഷ്ടിയാണെന്നും സുധീരന്‍ പറഞ്ഞു.