ദുരന്തപരമ്പരകള്‍ക്കൊടുവില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് മാറ്റുത്തിനൊരുങ്ങുന്നു

തുടര്‍ച്ചയായ രണ്ട് വന്‍ വിമാന ദുരന്തങ്ങള്‍ വരുത്തിവെച്ച പേരുദോഷം മാറ്റാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് പേര് മാറ്റുന്നു. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റൂട്ട് പുന:ക്രമീകരണം അടക്കമുള്ള സമഗ്രമായ മാറ്റത്തിനാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ചില്‍ ക്വാലാലംപൂരില്‍നിന്ന് ബീജിംഗിലേക്ക് പോകുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം യാതൊരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണുവെന്ന് കരുതുന്ന വിമാനത്തെക്കുറിച്ചോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഈമാസമാദ്യം ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് 298 യാത്രക്കാരുമായി പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനം യുക്രൈന്‍ വിമതര്‍ മിസൈലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. ഇതോടെ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ പ്രതിച്ഛായ കുത്തനെ കൂപ്പുകുത്തി.

മലേഷ്യന്‍ സര്‍ക്കാരാണ് മലേഷ്യന്‍ എയര്‍ലൈന്‍സിലെ ഭൂരിഭാഗം ഓഹരികളും കൈവശംവെച്ചിരിക്കുന്നത്. പുന:സംഘടനയുടെ ഭാഗമായി സ്വകാര്യം നിക്ഷേപം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രതിദിനം 50,000 യാത്രക്കാരാണ് മലേഷ്യന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നത്.